സർവ്വശക്തന്‍റെ കൽപനയിൽ മകനെ ബലിനൽകാൻ തയ്യാറായ ഇബ്രാഹിം നബിയുടെ ത്യഗത്തെ വാഴ്ത്തി ഇസ്ലാംമത വിശ്വാസികൾക്ക് ഇന്ന് വലിയ പെരുന്നാൾ ആഘോഷം. പ്രവാചകന്മാരുടെ പാത പിന്തുടര്‍ന്ന് ജീവിതം ലോകത്തിനായി സമര്‍പ്പിക്കുക എന്നതാണ് ബലിപെരുന്നാളിന്‍റെ സന്ദേശം
പുതുവസ്ത്രങ്ങളണിഞ്ഞ് വിശ്വാസികള്‍രാവിലെ പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കുമൊഴുകി. വീടുകളിൽ ഒത്തുചേരലിന്റേയും ആഹ്ലാദത്തിന്റെയും നിമിഷങ്ങൾ. തിരുവനന്തപുരം പാളയം ജുമാ-മസ്ജിദ് ഇദ് ഗാഹ് കമ്മ്റ്റിയുടെ നേതൃത്വത്തിൽ ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് നമസ്കാരത്തിന് പാളയം ഇമാം വിപി സുഹൈബ് മൗലവി നേതൃത്വം നൽകി. മണക്കാട് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിന് എസ് എം സൈനുദീൻ മൗലവി നേതൃത്വം നൽകി.
കൊച്ചിയിൽ മറൈൻഡ്രൈവിലും കലൂർ സ്റ്റേഡിയത്തിനടുത്തും ഒരുക്കിയ ഈദ്ഗാഹുകളിലായിരുന്നു ചടങ്ങുകൾ. അബ്ദുൾ മജീദ് സ്വലാഹിയുടെ നേതൃത്വത്തിലായിരുന്നു കലൂരിലെ പെരുന്നാൾ നമ്സക്കാരം.
കോഴിക്കോട് കടപ്പുറത്ത് നടന്ന സംയുക്ത ഈദ് ഗാഹിന് ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് ശരീഫ് മേലേതിൽ നേതൃത്വം നൽകി.
