വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വെന്‍റിലേറ്ററിൽ കഴിയുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ ആരോഗ്യനിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ വെന്‍റിലേറ്ററിലാണ് ബാലഭാസ്കർ ഇപ്പോൾ. ഭാര്യ ലക്ഷ്മിയുടെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ട്. ഇന്ന് ലക്ഷ്മിയെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റാൻ സാധ്യതയുണ്ട്
തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വെന്‍റിലേറ്ററിൽ കഴിയുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ വെന്‍റിലേറ്ററിലാണ് ബാലഭാസ്കർ ഇപ്പോൾ. ഭാര്യ ലക്ഷ്മിയുടെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ട്. ഇന്ന് ലക്ഷ്മിയെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റാൻ സാധ്യതയുണ്ട്.
മകൾ തേജസ്വനി ബാലയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ഇതേ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴച പുലർച്ചെ ദേശീയപാതയിൽ പള്ളിപ്പുറത്ത് വച്ചാണ് ബാലഭാസ്ക്കറും കുടുംബവും അപകടത്തിൽപ്പെട്ടത്.
തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങി വരുന്നതിനിടെയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബാലഭാസ്കറിന്‍റെ രണ്ട് വയസ്സുള്ള മകള്‍ തേജസ്വി ബാല സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു. ലക്ഷ്മിയെയും ബാലഭാസ്കറിനെയും അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയിരുന്നു. ഇരുപത്തിനാല് മണിക്കൂറിന് ശേഷം മാത്രമേ ബാലഭാസ്കറിന്‍റെ ആരോഗ്യത്തെക്കുറിച്ച് എന്തെങ്കിലും പറയാൻ സാധിക്കൂ എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ബാലഭാസ്കറിന്‍റെ സ്പൈനൽ കോഡിനാണ് പരിക്കേറ്റത്. ലക്ഷ്മിയുടെ പരിക്കുകൾ ഗുരുതരമല്ല എന്ന് അടുത്ത സുഹൃത്തുക്കൾ വ്യക്തമാക്കിയിരുന്നു.
