പാലക്കാടുള്ള ആയുർവേദ ഡോക്ടറുമായി ബാലഭാസ്ക്കറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ബാലഭാസ്കർ നൽകിയ എട്ടു ലക്ഷം രൂപ ബാങ്ക് വഴി തന്നെ മടക്കി നൽകിയെന്നാണ് ഡോക്ടറുടെ മൊഴി

തിരുവനന്തപുരം: സംഗീത സംവിധായകൻ ബാലഭാസ്ക്കറിന്റെ സാമ്പത്തിക ബന്ധങ്ങൾ പൊലീസ് പരിശോധിക്കുന്നു. അപകട സമയത്ത് വാഹനം ഓടിച്ചിരുന്ന അർജുൻ ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് വിശദമാക്കി. അർജുൻ രണ്ട് ക്രിമിനൽ കേസിൽ പ്രതിയാണ്. എ ടി എം പണം മോഷ്ടിച്ച പ്രതികളെ സഹായിച്ചതിനാണ് ഒറ്റപ്പാലം, ചെറുതുരുത്തി സ്റ്റേഷനുകളിലാണ് അര്‍ജുനെതിരെ കേസുള്ളത്.

പാലക്കാടുള്ള ആയുർവേദ ഡോക്ടറുമായി ബാലഭാസ്ക്കറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ബാലഭാസ്കർ നൽകിയ എട്ടു ലക്ഷം രൂപ ബാങ്ക് വഴി തന്നെ മടക്കി നൽകിയെന്നാണ് ഡോക്ടറുടെ മൊഴി. ഇതിന് ആധാരമാകുന്ന രേഖകൾ ഹാജരാക്കിയെന്നും പൊലീസ് വിശദമാക്കി. സാമ്പത്തിക ഇടപാടുകളിൽ ദുരൂഹത ഇതു വരെ കണ്ടത്താനായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. 

ബാലഭാസ്കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ് സി കെ ഉണ്ണി ആവശ്യപ്പെട്ടിരുന്നു. അപകടത്തിൽ ദുരൂഹതയുണ്ടെന്നായിരുന്നു പിതാവിന്റെ പരാതി. മൊഴിയിലെ വൈരുധ്യങ്ങൾ ഉൾപ്പെടെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ബാലഭാസ്കറിന്റെ പിതാവ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ബാലഭാസ്കറിന്‍റേയും മകളുടേയും മരണത്തിലേക്ക് നയിച്ച വാഹനാപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചിരുന്നു. 

അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറായിരുന്നില്ല ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നുവെന്നായിരുന്നു ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. അപകട സമയത്ത് ബാലഭാസ്കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്കര്‍ വണ്ടി ഓടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിരുന്നു. എന്നാല്‍ കാര്‍ ഓടിച്ചത് ബാലഭാസ്കര്‍ ആണെന്നായിരുന്നു അര്‍ജ്ജുന്‍റെ മൊഴി. 

കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്കർ ആണ് കാർ ഓടിച്ചതെന്നായിരുന്നു ഡ്രൈവർ വിശദമാക്കിയത്. അപകടസമയത്ത് കാറിലുണ്ടായിരുന്ന രണ്ടു പേരുടേയും മൊഴികളില്‍ വൈരുധ്യം വന്നതോടെയാണ് അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ബാലഭാസ്കറിന്‍റെ കുടുംബം ആവശ്യപ്പെട്ടത്. സെപ്തംബർ 25 ന് നടന്ന അപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്കറും മകൾ തേജസ്വിനിയും മരിച്ചിരുന്നു.