ദില്ലി: പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ ശക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യ. പാക് അധീന കശ്മീരില്‍ ഇന്ത്യയുടെ വജ്രായുധമെന്ന് വിശേഷിപ്പിക്കാവുന്ന മിറാഷ് 2000 ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ നിരവധി ജെയ്ഷേ മുഹമ്മദ് കേന്ദ്രങ്ങള്‍ തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. മിറാഷില്‍ നിന്ന് വര്‍ഷിച്ച ലേസര്‍ ഗൈഡഡ് ബോംബുകളാണ്  ജെയ്ഷേ കേന്ദ്രങ്ങള്‍ തകര്‍ത്തതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 

കാര്‍ഗില്‍ യുദ്ധസമയത്ത് ഇന്ത്യ വിജയക്കൊടി നാട്ടിയപ്പോള്‍, അതിന് സേനയെ ഏറെ സഹായിച്ചത് ലേസര്‍ നിയന്ത്രിത ബോംബുകളായിരുന്നു. ഇസ്രായേലില്‍ നിന്നായിരുന്നു ബോംബുകള്‍ ഇന്ത്യ വാങ്ങിയത്. അന്ന് പാക് ബങ്കറുകളും പോസ്റ്റുകളും നിമിഷങ്ങള്‍ക്കുള്ളില്‍ തരിപ്പണമാക്കിയതും ഇസ്രായേല്‍ നിര്‍മിത ലേസര്‍ നിയന്ത്രിത ബോംബുകളായിരുന്നു. ഇന്ത്യന്‍ പ്രതിരോധ രംഗത്ത് എന്നും മുതല്‍ക്കൂട്ടാണ് ലേസര്‍ നിയന്ത്രിത ബോബുകള്‍. 

ആദ്യം ഇസ്രായേലില്‍ നിന്ന് ഇത്തരം ആയുധങ്ങള്‍ കടമെടുത്തിരുന്നു ഇന്ത്യ. തുടര്‍ന്ന് അവയെല്ലാം സ്വന്തമായി വാങ്ങി. ഇന്ന് മിക്ക രാജ്യങ്ങളുടെ കയ്യിലും ലേസര്‍ നിയന്ത്രിത ബോംബുകളുണ്ട്. 1960ല്‍ അമേരിക്ക ആദ്യമായി വികസിപ്പിച്ച എല്‍ജിബി പിന്നീട് റഷ്യ, ഫ്രാന്‍സ്, ഇസ്രായേല്‍, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളും നിര്‍മിച്ചു. ഇന്ത്യ ആദ്യമായി 2013ലാണ് ലേസര്‍ ബോംബ് പരീക്ഷിച്ചത്. അന്നത്തെ പരീക്ഷണം വിജയം കണ്ടു. 2006ല്‍ തുടങ്ങിയ ഡിസൈന്‍ വര്‍ക്കുകളില്‍ തുടങ്ങി ഏഴ് വര്‍ഷങ്ങള്‍ കൊണ്ടാണ് നിര്‍മാണ പരീക്ഷണം വിജയത്തിലെത്തിച്ചത്. ഇന്ത്യയുടെ ലേസര്‍ ബോംബിന് സുദര്‍ശന്‍ എന്നാണ് പേരിട്ടിരിക്കുന്നത്.

ഭാരത് ഇലക്ട്രോണിക്സാണ് സുദര്‍ശന്‍ നിര്‍മാണം നടത്തുന്നത്. 450 കിലോഗ്രാം ഭാരമുള്ള ബോബ് ഏകദേശം ഒമ്പത് കിലോമീറ്റര്‍ പരിധിയില്‍ പ്രയോഗിക്കാവുന്നതാണ്. മിറാഷ്, മിഗ്, ജാഗ്വര്‍ , സുഖോയ്, തുടങ്ങിയ യുദ്ധ വിമാനങ്ങളില്‍ ഉപയോഗിക്കാവുന്നവയാണിത്. ജിപിഎസിന്റെ സഹായത്തോടെ ലേസര്‍ വഴി നിയന്ത്രിക്കാന്‍ ശേഷിയുള്ള സുദര്‍ശന്‍ അതീവ പ്രഹര ശേഷിയുള്ളതാണ്. 2013ല്‍ 50 സുദര്‍ശന്‍ ബോംബുകള്‍ നിര്‍മിച്ചു നല്‍കാന്‍ വ്യോമസേന ആവശ്യപ്പെട്ടിരുന്നു.  അതേസമയം പുതിയ അത്യാധുനിക ലേസര്‍ ബോംബുകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ബാലകോട്ട്, ചകോട്ടി, മുസഫറാബാദ് എന്നിവിടങ്ങളിലെ തീവ്രവാദ ക്യാമ്പുകളിലാണ് ലേസര്‍ ബോംബ് ആക്രമണം നടത്തിയത്. ബാലകോട്ടിൽ വൻ നാശനഷ്ടമുണ്ടായി. മുന്നോറോളം പേർ മരണമടഞ്ഞു എന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. പാക്കിസ്ഥാന്‍റെ ഉത്തരമേഖലയിൽ വരുന്ന പ്രദേശമായ ബാലകോട്ടിലാണ് ആക്രമണം ഏറ്റവുമധികം ബാധിച്ചത്. കശ്മീരിലേക്കുള്ള തീവ്രവാദ കയറ്റുമതിയുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഇത്.