കത്തുകള്‍ മേല്‍വിലാസക്കാരന്റെ അടുത്ത് കൃത്യമായി പെട്ടെന്ന് തന്നെ എത്തിക്കാന്‍ ഇത് സഹായകരമാകുന്നതായി ബാലകൃഷ്ണന്‍ പറയുന്നു. 

കാസര്‍കോട്: മേല്‍വിലാസക്കാരന് കൊടുക്കാതെ കത്തുകള്‍ തോട്ടിലും കട്ടിലിനടിയിലും ഒളിപ്പിച്ച് വച്ച പോസ്റ്റ്മാന്മാരെ കുറിച്ച് നിരവധി വാര്‍ത്തള്‍ പുറത്തുവരുമ്പോള്‍, കാസര്‍കോട് ബേക്കല്‍ പോസ്‌റ്റോഫീസിലെ പോസ്റ്റ്മാന്‍ ബാലകൃഷ്ണന്‍ തികച്ചും വ്യത്യസ്തനാവുകയാണ്. കത്തുകള്‍ മേല്‍വിലാസക്കാരനിലെത്തിക്കാന്‍ ബൈക്കില്‍ സഞ്ചരിക്കുന്ന ബാലകൃഷ്ണന്റെ ഹെല്‍മെറ്റ് വെറുമൊരു ഹെല്‍മെറ്റല്ല. ഒരു ടെലിഫോണ്‍ ഡയറക്ടറി കൂടിയാണ്. സ്വന്തം ഹെല്‍മെറ്റില്‍ നാട്ടുകാരുടെ മൊബൈല്‍ നമ്പറുകളുമായാണ് ബാലകൃഷ്ണന്റെ സഞ്ചാരം. 

ബാലകൃഷ്ണന്റെ ഹെല്‍മെറ്റില്‍ ബേക്കലം പോസ്റ്റ് ഓഫീസ് പരിധിയിലെ ഒട്ടുമിക്ക ആളുകളുടെയും മൊബൈല്‍ നമ്പര്‍ കാണും. സുഗമമമായി കത്തിടപാടുകള്‍ നടത്താന്‍ പോസ്റ്റ് ഓഫീസ് പരിധിയിലെ ആളുകളുടെ മൊബൈല്‍, ടെലിഫോണ്‍ നമ്പറുകള്‍ ബാലകൃഷ്ണന്‍ എഴുതിവെക്കുന്നത് ഹെല്‍മെറ്റിലാണ്. കത്തുകള്‍ മേല്‍വിലാസക്കാരന്റെ അടുത്ത് കൃത്യമായി പെട്ടെന്ന് തന്നെ എത്തിക്കാന്‍ ഇത് സഹായകരമാകുന്നതായി ബാലകൃഷ്ണന്‍ പറയുന്നു. 

കാസര്‍കോട് വെള്ളരിക്കുണ്ട് പുന്നക്കുന്ന് സ്വദേശിയായ ബാലകൃഷ്ണന്‍ ബേക്കലത്തിന്റെ സ്വന്തം പോസ്റ്റുമാനാണ്. കാരണം എല്ലാ കത്തിടപാടുകളും അവശ്യക്കാര്‍ക്ക് ബാലകൃഷ്ണന്‍ മുടക്കം കൂടാതെ എത്തിക്കും. പോസ്റ്റ് വഴി എത്തുന്ന കത്തുകളും മറ്റും കൃത്യമായുള്ള മേല്‍വിലാസത്തില്‍ ബാലകൃഷണന്‍ എത്തിക്കുന്നത് തന്റെ ഹെല്‍മെറ്റിലെ ഫോണ്‍നമ്പറുകളില്‍ നോക്കിയാണ്. ബാലകൃഷ്ണന്റ ചുവന്ന നിറത്തിലുള്ള ഹെല്‍മെറ്റില്‍ നൂറ് കണക്കിന് ഫോണ്‍ നമ്പറുകളാണ് ഇപ്പോള്‍ തന്നെയുള്ളത്. 

കഴിഞ്ഞ ഒരു വര്‍ഷമായി ബേക്കലം പോസ്റ്റ് ഓഫീസില്‍ പോസ്റ്റ്മാനായി ജോലി ചെയ്യുന്ന 48 കാരനായ ബാലകൃഷ്ണന്‍ നാട്ടിലും താരമാണ്. പോസ്റ്റ്മാനായി ജോലിയില്‍ കയറുന്നതിന് മുമ്പ് ബാലകൃഷ്ണന്‍ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. ജോലി കിട്ടിയിട്ടും ഓട്ടോറിക്ഷ ഉപേഷിക്കാതിരുന്ന ബാലകൃഷണന്‍ നാട്ടില്‍ രാത്രിയില്‍ അത്യാവശ്യമായി വരുന്ന ആശുപത്രി കേസ് പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും സമീപിക്കാന്‍ പറ്റിയ സവാരിക്കാരനാണ്. പുന്നക്കുന്നിലെ വീട്ടുമുറ്റമാണ് ബാലകൃഷ്ണന്റെ ഓട്ടോസ്റ്റാന്റ്. രാത്രിയില്‍ ഏതുനേരത്ത് വിളിച്ചാലും ബാലകൃഷ്ണന്‍ സവാരിക്ക് റെഡി.