ഇന്തോനേഷ്യ: ഇന്തോനേഷ്യയിലെ ദ്വീപുകളിലൊന്നായ ബാലിയിലെ മൗണ്ട് അഗ്യുംഗ അഗ്‌നിപര്‍വതം സജീവമായതിനെ തുടര്‍ന്ന് തുടര്‍ച്ചയായി രണ്ടാംദിവസമായ ഇന്നും ബാലിയിലെ അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടു. കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയുമായി മൂന്ന് തവണ അഗ്‌നിപര്‍വ്വതത്തില്‍ നിന്നും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതിനെ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങളെ മാറ്റി പാര്‍പ്പിച്ചിരുന്നു. 

പ്രധാന വിനോദ മേഖലയായ ബാലിയില്‍ സഞ്ചാരികള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. എപ്പോള്‍ വേണമെങ്കിലും സ്‌ഫോടനമുണ്ടായേക്കാമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാല്‍ പതിനായിരക്കണക്കിന് ആളുകളാണ് വീട് ഉപേക്ഷിച്ച് പാലായനം ചെയ്തത്. 

അഗ്നിപര്‍വതത്തില്‍നിന്ന് പുക പുറത്തേക്ക് വമിക്കുന്നത് വിമാനയാത്രയെ ബാധിക്കുമെന്നതിനാലാണ് വിമാനത്താവളം അടച്ചത്. 13,000 അടി (4 കിലോമീറ്ററോളം) ഉയരത്തില്‍ വരെ അഗ്‌നിപര്‍വതത്തില്‍നിന്നുള്ള ചാരവും പുകയും ഉയരുന്നുണ്ട് കൂടുതല്‍ ശക്തമായ അഗ്‌നിപര്‍വത സ്‌ഫോടനം ഉണ്ടായേക്കാമെന്നാണ് ഭൗമശാസ്ത്രജ്ഞരുടെ നിഗമനം.