തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി സമയത്തെ ആഘോഷം വിലക്കി സര്‍ക്കാര്‍ ഉത്തരവ് . ആഘോഷങ്ങള്‍ ഒഴിവുസമയത്തേക്ക് ക്രമീകരിക്കണം. വകുപ്പ് മേധാവികള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറയുന്നു .

ഓഫിസുകളില്‍ ജോലിസമയത്ത് ആഘോഷം വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് ആവര്‍ത്തിച്ചാണ് പിന്നാലെ ചീഫ് സെക്രട്ടറിയുടെ ഉത്തരവിറങ്ങിയത്. പ്രതിഷേധം ഉയര്‍ന്നെങ്കിലും നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കുന്ന ഉത്തരവില്‍ ഇക്കാര്യം കര്‍ശനമായി പാലിക്കാനും വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്. 

ആഘോഷം ഓഫിസുകളില്‍ വകപ്പുകളുടെ വക ഓണാഘോഷം പൊടിപൊടിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. ജോലിസമയത്ത് ആഘോഷം വേണ്ട. പൂക്കളമൊരുക്കലും ജോലിസമയം കഴിഞ്ഞ് മതി. ഓണക്കച്ചവടവും ഓഫിസിനുള്ളില്‍ വേണ്ട. ജോലി സമയം കഴിഞ്ഞോ ലീവെടുത്തോ പുറത്തുപോയി സാധനങ്ങള്‍ വാങ്ങണം. 

മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ജീവനക്കാരുടെ അസോസിയേഷനും പ്രതിപക്ഷവും മുറുമുറുത്തു. പണിമുടക്കിന് ആഹ്വാനം ചെയ്ത് അതിനെ പിന്തുണക്കുന്ന മുഖ്യമന്ത്രി ജീവനക്കാര്‍ പൂക്കളമൊരുക്കുന്നത് തടയുന്നത് വിരോധാഭാസമാണെന്ന് പ്രതിപക്ഷവും ബിജെപിയും നിലപാടെടുത്തു. ആഘോഷങ്ങളൊഴിവാക്കി പോകുന്ന രീതി നടപ്പിലാക്കുന്നതിനോടായിരുന്നു ജീവനക്കാരുടെ സംഘടനകളുടെ പ്രതിഷേധം.