വയനാട്: അധികൃതരുടെ വാക്കുളോരോന്നും പൊള്ളയായതോടെ ജില്ലയിലെ നെല്‍ക്കര്‍ഷകര്‍ കൂട്ടത്തോടെ വാഴക്കൃഷിയിലേക്ക് മാറുന്നു. പത്ത് വര്‍ഷമായി നെല്‍ക്കൃഷിക്കുള്ള സഹായധനം വര്‍ധിപ്പിച്ചിട്ടില്ല. ഇത് കാരണം സ്വന്തം ആവശ്യങ്ങള്‍ക്കല്ലാതെ ആരും നെല്‍ക്കൃഷിയിറക്കാന്‍ മടിക്കുകയാണ്. ഒരു ഹെക്ടറിലെ നെല്‍ക്കൃഷിക്ക് 1500 രൂപയാണ് ഇപ്പോഴും സര്‍ക്കാരില്‍ നിന്ന് വ്യക്തിഗത ധനസഹായമായി കിട്ടുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. 

ചെറുകിട നെല്‍ക്കര്‍ഷകര്‍ക്കാകട്ടെ പ്രത്യേക പദ്ധതികളൊന്നും ഇതുവരെ നടപ്പാക്കിയിട്ടുമില്ല. അതേ സമയം കര്‍ഷക സംഘങ്ങള്‍ക്ക് പലവിധത്തില്‍ സഹായമെത്തുന്നുമുണ്ട്. നിരവധി കര്‍ഷക സംഘങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവയില്‍ നാമമാത്രമായവ മാത്രമാണ് കൃഷി വരുമാനമാര്‍ഗമാക്കി കൊണ്ടുപോകുന്നത്. മറ്റുള്ളവയെല്ലാം സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റാന്‍ പേരിന് പ്രവര്‍ത്തിക്കുന്നവയാണെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.

നെല്‍ക്കൃഷിയുടെ വ്യപ്തി വര്‍ധിപ്പിപ്പിക്കാനുതകുന്ന പദ്ധതികള്‍ നടപ്പാക്കുമെന്ന് ജില്ലയിലെത്തിയ കൃഷിമന്ത്രി തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് വെറും പ്രഖ്യാപനം മാത്രമായെന്ന് കര്‍ഷകര്‍ പറയുന്നു. ഉല്‍പ്പാദനചിലവ് കുത്തനെ ഉയര്‍ന്നതിനാല്‍ നെല്‍ക്കൃഷി ചെയ്ത് പിടിച്ചുനില്‍ക്കണമെങ്കില്‍ സര്‍ക്കാര്‍ പദ്ധതികള്‍ അടിമുടി മാറ്റണമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. തൊഴിലുറപ്പ് പദ്ധതി വഴി നെല്‍ക്കൃഷി മേഖലയിലേക്ക് കൂടി തൊഴിലാളികളെ ലഭ്യമാക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 

വിസ്മൃതിയിലാകുന്ന നെല്‍പ്പാടങ്ങള്‍

ഒന്നാം പഞ്ചവത്സരക്കാലത്ത് കേരളത്തില്‍ പന്ത്രണ്ട് ലക്ഷം ഹെക്ടര്‍ വയലില്‍ നെല്‍ക്കൃഷിയിറക്കിയിരുന്നു. പാലക്കാടിനും വയനാടിനുമായിരുന്നു ഒന്നും രണ്ടും സ്ഥാനങ്ങള്‍. എന്നാല്‍ പദ്ധതികള്‍ പലത് നടപ്പിലാക്കുമ്പോഴും വയനാട്ടിലെ നെല്‍ക്കൃഷിയുടെ ഗ്രാഫ് താഴ്ന്നുകൊണ്ടേയിരിക്കുകയാണ്. ജില്ല കൃഷിവകുപ്പ് രജിസ്റ്റര്‍ പ്രകാരം 1987 ല്‍ 18418 ഹെക്ടര്‍ വയലില്‍ നഞ്ചകൃഷി ഇറക്കിയിരുന്നു. 2006ല്‍ 9271 ഹെക്ടറിലേക്ക് ഇത് ചുരുങ്ങി. 2017ലാകട്ടെ 7000 ഹെക്ടറിലാണ് നെല്‍ക്കൃഷിയുണ്ടായിരുന്നത്. ഭൂരിപക്ഷം നെല്‍ക്കര്‍ഷകരും രംഗം വിട്ടതായാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്.

തമ്മില്‍ ഭേദം വാഴക്കൃഷി

വാഴക്കൃഷിയുടെ കണക്കെടുത്താല്‍ തൊണ്ണൂറുകളില്‍ 1054 ഹെക്ടര്‍ മാത്രമുണ്ടായിരുന്ന നേന്ത്രവാഴക്കൃഷി ഇന്ന് 14842 ഹെക്ടര്‍ സ്ഥലത്തേക്ക് വ്യാപിച്ചു. 11,517 ഹെക്ടര്‍ വയലുകളാകട്ടെ കവുങ്ങ്, തെങ്ങ് കൃഷിക്ക് വഴിമാറി. കാലവര്‍ഷക്കെടുതിയിലോ മറ്റോ വാഴ നശിച്ചാലും നെല്‍ക്കൃഷിയേക്കാളും ഭേദപ്പെട്ട നഷ്ടപരിഹാരം കിട്ടുമെന്നതാണ് കര്‍ഷകനെ വാഴക്കൃഷിക്ക് പ്രേരിപ്പിക്കുന്നത്.