കര്‍ണാടകത്തില്‍ ലോറികളും ബസ്സുകളും കത്തിച്ചതില്‍ പ്രതിഷേധിച്ച് ലോറിയുടമകളുടെ സംഘടനകളും ബന്ദിന് പിന്തുണ അറിയിച്ചു. ഇതോടെ തമിഴ്‌നാട്ടില്‍ നിന്ന് അയല്‍സംസ്ഥാനങ്ങളിലേയ്ക്കുള്ള ചരക്കു നീക്കം ഒരു ദിവസത്തേയ്ക്ക് പൂര്‍ണമായും സ്തംഭിച്ചേയ്ക്കും. ബന്ദിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യസ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ എംടിസി ബസ്സുകള്‍ ചെന്നൈയില്‍ സര്‍വീസ് നടത്തുമെന്ന് മെട്രോ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ വ്യക്തമാക്കി. പെട്രോള്‍ പമ്പുകളും ബന്ദിന് പിന്തുണയുമായി അടച്ചിടും. കാവേരിപ്രശ്‌നത്തിന്റെ പേരില്‍ കര്‍ണാടകത്തില്‍ തമിഴ്‌നാട് സ്വദേശികള്‍ക്ക് നേരെ സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ അക്രമം അഴിച്ചുവിടുകയാണെന്നാരോപിച്ച് തമിഴ്‌സംഘടനകളും സംയുക്തമായി രംഗത്തെത്തി. ഡിഎംകെ ഉള്‍പ്പടെയുള്ള വിവിധ രാഷ്ട്രീയപാര്‍ട്ടികളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഡിഎംഡികെയുടെ ചെന്നൈ ആസ്ഥാനത്ത് പാര്‍ട്ടി അദ്ധ്യക്ഷന്‍ വിജയകാന്ത് നിരാഹാരസമരം നടത്തും. വിസികെ അദ്ധ്യക്ഷന്‍ തോല്‍. തിരുമാവലവന്‍ റെയില്‍ ഉപരോധവും പ്രഖ്യാപിച്ചിട്ടുണ്ട്. കോടതി ഉത്തരവിനെ ധിക്കരിച്ച് ക്രമസമാധാനനില തകര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ സംസ്ഥാനമെങ്ങും പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിയ്ക്കുന്നത്. ചെന്നൈ നഗരത്തില്‍ മാത്രം പതിനെണ്ണായിരം പൊലീസുദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കര്‍ണാടക സ്വദേശികളുടെ സ്ഥാപനങ്ങള്‍ക്കും ഇവര്‍ കഴിയുന്ന പ്രദേശങ്ങളിലും അധിക സുരക്ഷ ഒരുക്കാനും ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.