റിയാദ്: നിരോധിത മരുന്നുമായി സൗദിയിലെ വിമാനത്താവളങ്ങളില്‍ പിടിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്നു. രണ്ട് മാസത്തിനിടെ നൂറില്‍അധികം ആളുകളാണ് ദമ്മാം വിമാനത്താവളത്തില്‍ നിരിധിത മരുന്നുമായി പിടിയിലായത്.ഏറ്റവും ഒടുവില്‍ മലയാളി വീട്ടമ്മയെ സ്വന്തം ഉപയോഗത്തിനായി കൊണ്ടുവന്ന മരുന്നുമായി ദമ്മാം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പിടിച്ചത് ഏറെ വാര്‍ത്തയായിരുന്നു.

നിരോധിച്ച മരുന്നുമായെത്തി ദമ്മാം വിമാനത്താവളത്തില്‍ പിടിയിലായ തമിഴ്‌നാട് സ്വദേശി മൂര്‍ത്തി വെങ്കിടേഷ് നിയമപരമായ രേഖകള്‍ സമര്‍പ്പിച്ചതിനാല്‍ ഒരാഴ്ച മുന്‍പാണ് ജയില്‍ മോചിതനായത്. സുഹൃത്തിനുവേണ്ടി നാട്ടില്‍നിന്നു വേദന സംഹാരി ഗുളിക കൊണ്ടുവന്ന ദില്ലി സ്വദേശി ആറു മാസമായി ദമ്മാം ജയിലിലാണ്.

കൃത്യമായ മാനദണ്ഡം പാലിക്കാതെ മരുന്നുമായി എത്തുന്നവരാണ് ഒടുവില്‍ ജയില്‍വാസം അനുഭവിക്കേണ്ടി വരുന്നതെന്ന് ദമ്മാം ക്രിമിനല്‍ കോടതി മലയാളം പരിഭാഷകന്‍ മുഹമ്മദ് നജാത്തി പറഞ്ഞു. ഇത്തരം രേഖകള്‍ ഒന്നുമില്ലാതെ പിടിക്കപ്പെട്ട പത്തോളം ഇന്ത്യക്കാരാണ് കഴിഞ്ഞ മാസം ദമ്മാം ജയിലടക്കപ്പെട്ടത്.