ബംഗളൂരു: ബംഗളൂരൂവിൽ മലയാളി വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ വഴിത്തിരിവ്. പരാതിക്കാരനായ വ്യവസായി ഗണേഷ് മെനഞ്ഞ തിരക്കഥയാണ് കേസെന്നാണ് ബംഗളൂരു പൊലീസിന്‍റെ കണ്ടെത്തൽ. ലുക്ക് ഔട്ട് നോട്ടീസിറക്കിയതിനെത്തുടർന്ന് ഗണേഷിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായെങ്കിലും പൊലീസ് വിട്ടയക്കുകയായിരുന്നു.
പത്തനംതിട്ട സ്വദേശിയായ വ്യവസായി ബാബു പാറയിൽ എന്ന ജോസഫ് സാമിന് എതിരെയായിരുന്നു ഗണേഷിന്‍റെ പരാതി. ബാബുവുമായി ചേർന്ന് ഗണേഷിന് ചിത്രദുർഗയിൽ മാതളകൃഷിയുണ്ട്. ഇതിന്‍റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇരുവരും തർക്കമായി. കണക്കുകളെല്ലാം തീർക്കാമെന്ന് പറഞ്ഞ് ഒക്ടോബർ എട്ടിന് ബെംഗളൂരുവിലെ ഹോട്ടലിലേക്ക് വിളിപ്പിച്ച ബാബു ഗുണ്ടകളെ ഉപയോഗിച്ച് തന്നെ തട്ടിക്കൊണ്ടുപോയി, ഒരു കോടി രൂപ ആവശ്യപ്പെട്ടു. പണം എത്തിക്കാമെന്ന ഉറപ്പിൽ വിട്ടയച്ചപ്പോൾ പൊലീസിനെ വിവരം അറിയിച്ചുവെന്നാണ് ഗണേഷ് പറഞ്ഞത്.
ഇതിന് പിന്നാലെ ബാബുവും കൂട്ടാളികളും പിടിയിലായി. മകൻ പ്രഭാത്, സുഹൃത്ത് സണ്ണി എന്നിവരും ബാബു പാറയിലും രണ്ടാഴ്ച റിമാന്‍റിൽ കഴിഞ്ഞു. എന്നാൽ വാദി പ്രതിയാവുന്ന പരാതിയാണ് ബാബു പാറയിൽ പുറത്തിറങ്ങിയ ശേഷം പൊലീസിന് നൽകിയത്. സണ്ണിയിൽ നിന്ന് വാങ്ങിയ ഒരു കോടി രൂപ തിരിച്ചുകൊടുക്കാതിരിക്കാൻ ഗണേഷ് മെനഞ്ഞ കഥയാണിതെന്നായിരുന്നു പരാതി. ലുക്ക് ഔട്ട് നോട്ടീസിന്‍റെ അടിസ്ഥാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് തിങ്കളാഴ്ച പിടിയിലായ ഗണേഷിനെ പൊലീസിന് കൈമാറി. എന്നാൽ വൈകീട്ടോടെ വിട്ടയച്ചു.
കസ്റ്റഡിയിലെടുക്കാൻ വരുന്നില്ലെന്ന് കർണാടക പൊലീസ് അറിയിച്ചെന്നും ബെംഗളൂരു ഹുളിമാവ് സ്റ്റേഷനിൽ ഹാജരായാൽ മതിയെന്ന് അറിയിക്കുകയുമായിരുന്നെന്ന് നെടുമ്പാശ്ശേരി പൊലീസ് പറയുന്നു. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം. ഗണേഷിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ ബാബു അടക്കം പത്തുപേരാണ് പിടിയിലായിരുന്നത്. കുപ്രസിദ്ധ ഗുണ്ട വെങ്കടേഷും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
