ദീപക്കിന്റെ കുടുംബത്തിന് പിന്തുണയുമായി മെൻസ് അസോസിയേഷൻ. കുടുംബത്തിന് വിവിധ സംഘടനകളിൽ നിന്നും സമാഹരിച്ച 3.70 ലക്ഷം രൂപ നൽകി.

കോഴിക്കോട്: കോഴിക്കോട് ലൈംഗികാതിക്രമ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ ദീപക്കിന്റെ കുടുംബത്തിന് പിന്തുണയുമായി മെൻസ് അസോസിയേഷൻ. കുടുംബത്തിന് വിവിധ സംഘടനകളിൽ നിന്നും സമാഹരിച്ച 3.70 ലക്ഷം രൂപ നൽകി. ദീപക്കിന്റെ ഓർമ്മക്ക് ജനുവരി 17 പുരുഷാവകാശ ദിനമായി ആചരിക്കുമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. രാഹുൽ ദീപക്കിന്റെ വീട്ടിൽ എത്തുകയും കുടുംബാം​ഗങ്ങളെ കാണുകയും ചെയ്തു.

ലൈംഗികാതിക്രമ അധിക്ഷേപം നടത്തിയ യുവതിയെ ഉടൻ അറസ്റ്റ് ചെയ്യണം. പുരുഷന്മാർക്ക് നീതി ലഭ്യമാക്കാൻ 24 മണിക്കൂർ പ്രവർത്തിക്കുന്ന പുരുഷ സഹായഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങും. പെൺകുട്ടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വരുന്ന മോശം കമന്റുകളോട് യോജിക്കുന്നില്ലെന്നും അത്തരം കമന്റ് ഇടുന്നവർക്കെതിരെയും നടപടി എടുക്കണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. അതേസമയം, സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മെൻസ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിക്കും. കേസ് ക്രൈം ബ്രാഞ്ചോ സിബിഐയോ അന്വേഷിക്കണം എന്നാണ് ആവശ്യം. അപകീർത്തികരമായ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനും കേസെടുക്കണം. പ്രതിയായ യുവതി വിദേശത്തേക്ക് കടന്നു എന്ന് സംശയമുണ്ട്. മൊബൈൽ ഫോൺ ഉൾപ്പടെയുള്ള ഡിജിറ്റൽ തെളിവുകൾ സംരക്ഷിക്കണം. യുവതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ നിർദേശം നൽകണമെന്നും രാഹുൽ പറഞ്ഞു. പ്രതിയായ യുവതിയെ പൊലീസ് സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്നും ആക്ഷേപം ഉയരുന്നുണ്ട്.