തെറ്റായ സന്ദേശമാണ് ചിത്രം നല്‍കുന്നതെന്ന് മാധ്യമ സ്ഥാപനംഒടുവില്‍ ഫോട്ടോഗ്രാഫര്‍ക്ക് ജോലി നഷ്ടമായി

ധാക്ക: സ്വപ്നതുല്യമായ ഒരു ചുംബന രംഗം തന്റെ ക്യാമറയില്‍ പകര്‍ത്തിയ മാധ്യമപ്രവർത്തകന് നഷ്ടമായത് സ്വന്തം ജോലി. ബംഗ്ലാദേശി ഫോട്ടോ ജേണലിസ്റ്റായ ജിബോണ്‍ അഹമ്മദി (30) നാണ് ഒരു ചുംബന രംഗം പകര്‍ത്തിയതിന് ജോലി നഷ്ടമായത്. ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ ജോലി നഷ്ടമാകുക മാത്രമല്ല, സൈബർ ആക്രമണവും ജിബോണിന് നേരിടേണ്ടി വന്നു. മഴയത്ത് റോഡരികില്‍ കമിതാക്കള്‍ ചുംബിക്കുന്ന പ്രണായാർദ്രമായ ഫോട്ടോയാണ് ജിബോണ്‍ പകര്‍ത്തിയത്. ധാക്കാ സര്‍വ്വകലാശാലയിലെ ക്യാംപസ് പരിസരത്ത് വച്ചാണ് ചിത്രം ‌പകര്‍ത്തിയത്.

ചിത്രം പ്രസിദ്ധീകരിക്കുന്നതിനായി ജിബോൺ ജോലി ചെയ്യുന്ന മാധ്യമസ്ഥാപനത്തിലേക്ക് അയച്ചു. എന്നാല്‍ ഇത് പ്രസിദ്ധീകരിക്കാന്‍ പത്രാധിപര്‍ തയ്യാറായില്ല. തെറ്റായ സന്ദേശമാണ് ചിത്രം നല്‍കുന്നതെന്നായിരുന്നു എഡിറ്റോറിയൽ നിലപാട്. ഈ ചിത്രത്തെ നിങ്ങൾക്ക് മോശമായി വർണ്ണിക്കാൻ സാധിക്കില്ല, കാരണം ഞാൻ അതിൽ പരിശുദ്ധ പ്രണയം കണ്ടെത്തി എന്നായിരുന്നു ജിബോണിന്റെ മറുപടി. തുടര്‍ന്ന് ജിബോൺ ചിത്രം തന്റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു.

പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ ചിത്രം വൈറലായി മാറി. 5,000 ഷെയറുകളാണ് പോസ്റ്റിന് ലഭിച്ചത്. അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങൾ ലഭിച്ചു. ചിലര്‍ ചിത്രം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ബംഗ്ലാദേശിലെ ഭൂരിഭാഗം വരുന്ന മതമൗലികവാദികളും ചിത്രം അശ്ലീലമാണെന്ന് പറഞ്ഞ് ജിബോണിനെതിരെ തിരിഞ്ഞു. പിറ്റേദിവസം ഓഫീസിലെത്തിയ ജിബോണിനോട‌് സഹപ്രവർത്തകരായ ഒരുകൂട്ടം ഫോട്ടോഗ്രാഫര്‍മാര്‍ ക്ഷുബിധരായി. തുടർന്ന് ജിബോണിനോട‌് ലാപ്ടോപും ഐഡി കാര്‍ഡും തിരികെ നല്‍കി ജോലി വിട്ടു പോകാന്‍ എഡിറ്റർ ആവശ്യപ്പെടുകയായിരുന്നു. 

പൊതുസ്ഥലത്തുവച്ച് ചുംബിക്കുന്ന ചിത്രം പകര്‍ത്തുന്നതിനെ കമിതാക്കള്‍ എതിര്‍ത്തിട്ടില്ല. സദാചാര ഗുണ്ടായിസത്തിന്റെ ഇരയാവാൻ നിന്നുകൊടുക്കില്ലെന്നും ജിബോൺ മാധ്യമങ്ങളോട് പറഞ്ഞു. അവര്‍ പരസ്പരം ചുംബിച്ചതില്‍ ഒരു അശ്ലീലവും കാണാന്‍ കഴിയില്ല. നമ്മുടെ രാജ്യത്തുളള ചിലര്‍ക്ക് കടലാസില്‍ മാത്രമാണ് വിദ്യാഭ്യാസമുളളത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അവര്‍ വിദ്യാഭ്യാസമുളളവരല്ല. എന്റെ ചിത്രത്തിന്റെ അര്‍ത്ഥം മനസ്സിലാക്കുന്നതിൽ അവര്‍ പരാജയപ്പെട്ടിരിക്കുന്നു ജിബോൺ കൂട്ടിച്ചേർത്തു. 

അതേസമയം ജിബോണിന് പിന്തുണയുമായി സഹപ്രവര്‍ത്തകര്‍ രംഗത്തെത്തി. എഡിറ്ററുടെ തീരുമാനത്തിനെതിരെ നിയമപരമായി മുന്നോട്ട് പോവാനാണ് ഇവരുടെ തീരുമാനം. അഹമ്മദിന് പിന്തുണയുമായി നിരവധി മാധ്യമസ്ഥാപനങ്ങളും രംഗത്തെത്തിയിട്ടുണ്ട്.