ധാക്ക: ധാക്ക റെസ്റ്റോറന്റില്‍ കഴി‌ഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് അല്ലെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. റെസ്റ്റോറന്റിലെ ആക്രമണത്തിന് പിന്നില്‍ ബംഗ്ലാദേശില്‍ തദ്ദേശീയമായി വളര്‍ന്നുവരുന്ന ചില തീവ്രവാദി ഗ്രൂപ്പുകളാണെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പാക് ചാര സംഘടനയായ ഐ എസ് ഐയുടെ സഹായം ഇവര്‍ക്ക് ലഭിച്ചതായും വിവരമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണം വരേണ്ടതുണ്ട്. ഭീകരാക്രമണത്തെ കുറിച്ച് വിപുലമായ അന്വേഷണമാണ് ബംഗ്ലാദേശ് നടത്തുന്നത്. തീവ്രവാദത്തിനെതിരെ ശക്തമായ നടപടി എടുക്കാന‍് ബംഗ്ലാദേശ് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഇസ്ലാമിക് സ്റ്റേറ്റിന്റെ അവകാശവാദം പൊള്ളയാണെന്ന് ബംഗ്ലാദേശ് അധികൃതര്‍ പറയുന്നു. അവകാശവാദവുമായി രംഗത്തെത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം നടന്ന സ്ഥലത്തെ ദൃശ്യങ്ങള്‍ വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്‌തിരുന്നു. എന്നാല്‍ ഈ ആക്രമണവുമായി ഇസ്ലാമിക് സ്റ്റേറ്റിന് ബന്ധമില്ലെന്നാണ് ബംഗ്ലാദേശി ആധികൃതര്‍ നല്‍കുന്ന വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിലൂടെ ബംഗ്ലാദേശില്‍ പേരെടുക്കാനുള്ള ശ്രമമാണ് ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയതെന്നാണ് സൂചന. ഇതിനായി, മോഷ്‌ടിച്ച ചിത്രങ്ങളാണ് ഇസ്ലാമിക് സ്റ്റേറ്റ് വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്.സിറിയയിലും ഇറാഖിലും ശക്തമായ വേരുകളുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ അനുയായികള്‍ ബംഗ്ലാദേശില്‍ ഉണ്ടെങ്കിലും ശക്തമായ സ്വാധീനം അവിടെ ഉണ്ടാക്കിയെടുക്കാന്‍ ഇതുവരെ അവര്‍ക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ, കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായി മണിക്കൂറുകള്‍ക്കകം, ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് രംഗത്തുവരികയായിരുന്നു. ആധികാരികതയ്‌ക്കായി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്‌തു.