മൂന്ന് മാസമായി താമസം പൊലീസ് സ്റ്റേഷനിൽ നാട്ടിലേക്ക് മടങ്ങാൻ നടപടിയായില്ല കേന്ദ്രസർക്കാരിന് കത്തയച്ചു
മേപ്പാടി: ഫേസ്ബുക്കിലൂടെ പ്രണയത്തിലായ യുവതിയെ തേടി, രേഖകൾ ഒന്നുമില്ലാതെ ഇന്ത്യയിലെത്തിയ ബംഗ്ലാദേശി യുവാവ് മൂന്ന് മാസമായി വയനാട് മേപ്പാടി പൊലീസ് സ്റ്റേഷനിൽ കഴിയുന്നു. നാട്ടിലേക്ക് മടങ്ങാനുള്ള അനുമതിക്കായി എംബസികളെ സമീപിച്ചെങ്കിലും ഇതുവരെ നടപടിയായില്ല.
സംഭവം ഇങ്ങനെയാണ്, ബംഗ്ലാദേശിലെ പെയിന്‍റിംഗ് തൊഴിലാളിയായ ജഹിദുൾഖാന്‍ ഫേസ്ബുക്കിലൂടെയാണ് വയനാട് മേപ്പാടി സ്വദേശിയായ സ്ത്രീയുമായി പരിചയത്തിലാകുന്നത്. ഫേസ്ബുക്കില്‍ കൊടുത്തിട്ടുള്ള കാവ്യമാധവന്റെ പടം കണ്ട് അതാണ് കാമുകി എന്നു ധരിച്ചു. കട്ട പ്രണയത്തിനൊടുവിലാണ് കാമുകിയെ നേരിട്ടു കാണണമെന്ന് തോന്നിയത്. ഇക്കാര്യം പറഞ്ഞപ്പോള്‍ വയനാടുകാരിയായ കാമുകിക്കും സമ്മതം. അല്‍പ്പം സാഹസമില്ലെങ്കില്‍ പിന്നെന്ത് പ്രണയം എന്ന് തോന്നിയ കാമുകന്‍ കാമുകി പറഞ്ഞു കൊടുത്ത വഴിയിലൂടെയാണ് വയനാട്ടിലെ വീട്ടില്‍ എത്തിയത്.
വയനാട്ടിലെ വീട്ടില്‍ എത്തിയപ്പോഴാണ് കാമുകിയുടെ യഥാര്‍ത്ഥ മുഖം കണ്ടത്. കാമുകി തള്ളിപ്പറഞ്ഞു. നാട്ടുകാര്‍ ഇടപെട്ടു. വളഞ്ഞ് കൈകാര്യം ചെയ്ത് പോലീസില്‍ കൊടുത്തു. കൈയ്യില്‍ യാതൊരു രേഖയുമില്ലാത്തതിനാല്‍ അനധികൃതവാസത്തിന് രണ്ടുവര്‍ഷം ജയിലില്‍ കഴിഞ്ഞു. മൂന്നുമാസംമുമ്പ് ജയില്‍മോചിതനായെങ്കിലും തപാല്‍സമരം ചതിച്ചതിനാല്‍ തിരിച്ചുപോകാനുള്ള രേഖകള്‍ പോയി. അതോടെ ഇനിയെന്നു മടങ്ങും എന്ന ആധിയിലാണ് ഈ 28 കാരന്‍.
ശിക്ഷ കഴിഞ്ഞിറങ്ങിറങ്ങി നാട്ടിലേക്ക് തിരിച്ചുപോകാന്‍ മേപ്പാടി പോലീസ് ബംഗ്ലാദേശ് എംബസിയുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തീകരിച്ചു. എംബസിയില്‍നിന്ന് മടക്കയാത്രയ്ക്കുള്ള അനുമതി രേഖകള്‍ അയച്ചതായി ജഹിദുൾഖാന്‍ ഫോണില്‍ അറിയിപ്പ് കിട്ടി. പക്ഷേ ആഴ്ചകള്‍ നീണ്ടുനിന്ന തപാല്‍ സമരത്തില്‍ ജഹിദുൾഖാന്‍റെ യാത്രാരേഖകള്‍ അപ്രത്യക്ഷമായി. ഒടുവില്‍ പോലീസ് ഇടപെടലിനെത്തുടര്‍ന്ന് രണ്ടാമത് എംബസിയില്‍ നിന്നയച്ച രേഖകള്‍ കിട്ടുന്നതും കാത്ത് കഴിയുകയാണ് ഖാന്‍.
കാമുകി തള്ളിപ്പറഞ്ഞതിനാല്‍ ജയലില്‍ കിടക്കേണ്ടി വന്നെങ്കിലും മൂന്നുമാസമായി മേപ്പാടി സ്‌റ്റേഷനിലെ പോലീസുകാരുടെ കാരുണ്യത്തിലാണ് ജഹിദുൾഖാന്‍റെ ജീവിതം. പോലീസുകാര്‍ പിരിവിട്ട് ഭക്ഷണം വാങ്ങിക്കൊടുക്കും. താമസം ക്വാര്‍ട്ടേഴ്‌സിലും. ജഹിദുൾഖാനെ തിരിച്ചയക്കാൻ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട്
രണ്ടാമതും എംബസിയെ സമീപിച്ചിരിക്കുകയാണ് പൊലീസ് ഇപ്പോൾ.
