ദില്ലി: രാജ്യത്തെ രണ്ട് ലക്ഷത്തിലധികം കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്തതായി കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. രജിസ്ടാര്‍ ഓഫ് കമ്പനീസില്‍ നിന്ന് ഈ കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി. 209032 കമ്പനികളുടെ രജിസ്‌ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാത്തതും റിട്ടേണ്‍ ഫയലിങ്ങില്‍ വീഴ്ച വരുത്തിയതുമായ കമ്പനികള്‍ക്കാണ് പൂട്ട് വീണത്.
നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചാല്‍ മാത്രമെ ബാങ്കിടപാടുകള്‍ നടത്താന്‍ കമ്പനികള്‍ക്ക് സാധിക്കു. നിലവില്‍ കമ്പനിക്ക് നിലനില്‍പ്പില്ലാത്തതിനാല്‍ സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാര്‍ മുന്‍ ഡയറക്ടര്‍മാരായി മാറും. നികുതി ഇടപാടുകളില്‍ ഉണ്ടായ പഴവുകള്‍ പിഴ സഹിതം തീര്‍ത്താല്‍ മാത്രമെ ഇനി കമ്പനികള്‍ക്ക് തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു.
ഷെല്‍ കമ്പനികള്‍ക്കെതിരായി സര്‍ക്കാര്‍ എടുത്ത നടപടികളുടെ തുടര്‍ച്ചയായാണ് പുതിയ നടപടി. നിലവില്‍ വിലക്കേര്‍പ്പെടുത്തിയ കമ്പനികളുമായി ഒരു തരത്തിലുള്ള ഇടപാടുകള്‍ നടത്തരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പേരില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഷെല്‍ കമ്പനികള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ നേരത്തെ രാജ്യവ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. ഇത്തരത്തില്‍ ആയിരക്കണക്കിന് കമ്പനികളാണ് മുംബൈയില്‍മാത്രം അന്ന് കണ്ടെത്തിയത്.
