Asianet News MalayalamAsianet News Malayalam

ബാങ്ക് ആക്രമണക്കേസ് പ്രതി വീണ്ടും സിപിഎം അനുകൂല സർവീസ് സംഘടനയുടെ തലപ്പത്ത്

സിപിഎം സംസ്ഥാനസെക്രട്ടറി തന്നെ തള്ളിപ്പറഞ്ഞ ബാങ്ക് ആക്രമണക്കേസിലെ പ്രതിയാണ് ഇപ്പോൾ സിപിഎം അനുകൂല സർവീസ് സംഘടനയുടെ തലപ്പത്ത് എത്തിയിരിക്കുന്നത്. 

bank attack case accused in top position of cpm service organisation
Author
Thiruvananthapuram, First Published Feb 17, 2019, 10:21 AM IST

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിനം ബാങ്ക് അടിച്ചു തകർത്ത നേതാവിനെ വീണ്ടും അമരത്തിരുത്തി സിപിഎം അനുകൂല സർവ്വീസ് സംഘടനയായ എൻജിഒ യൂണിയൻ. എസ്ബിഐ ആക്രമണ കേസ് പ്രതി കെ എ ബിജുരാജ് തന്നെ എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റിയെ തുടർന്നും നയിക്കും.

വർക്കലയിൽ നടന്ന എൻജിഒ യൂണിയൻ ജില്ലാ സമ്മേളനത്തിലാണ് കെ എ ബിജുരാജിനെ തിരുവനന്തപുരം നോർത്ത് ജില്ലാ പ്രസിഡന്‍റായി തെരഞ്ഞെടുത്തത്. ആക്രമണക്കേസിൽ പ്രതിയായ ഇയാൾ ഇപ്പോൾ സർവീസിൽ സസ്പെൻഷനിലാണ്. കേസിലെ ആറാം പ്രതിയാണ് കെ എ ബിജുരാജ്.

സംഘടനാതലത്തിൽ അന്വേഷണം തുടരുകയാണെന്നാണ് സർവീസ് സംഘടന ഇതിന് നൽകുന്ന വിശദീകരണം. തെരഞ്ഞെടുപ്പ് ഇല്ലാതെ ജില്ലാ, സംസ്ഥാന പാർട്ടി നേതൃത്വങ്ങളുടെ അറിവോടെയാണ് എൻജിഒ യൂണിയന്‍റെ പുതിയ സംഘടനാ നേതൃത്വത്തിന്‍റെ പട്ടിക ജില്ലാ സമ്മേളനം അംഗീകരിച്ചത്. 

ജനുവരി 8, 9 തീയതികളിൽ നടന്ന ദേശീയ പണിമുടക്ക് ദിവസങ്ങളിലാണ് തിരുവനന്തപുരം സ്റ്റാച്യൂവിലുള്ള എസ്ബിഐയുടെ ട്രഷറി ശാഖ സമരക്കാരെന്ന പേരിലെത്തിയ അക്രമികൾ അടിച്ചു തകർത്തത്. 

സ്റ്റാച്യൂവിനടുത്ത് സംയുക്തസമരസമിതിയുടെ പന്തലിന് തൊട്ടടുത്തുള്ള ബ്രാഞ്ചിന് നേരെയാണ് ആക്രമണമുണ്ടായത്.

രണ്ട് ദിവസത്തെ പണിമുടക്കിൽ ആദ്യദിനം എസ്ബിഐ ബ്രാഞ്ചുകൾ പലതും പ്രവ‍ർത്തിക്കുന്നുണ്ടായിരുന്നു. രാവിലെ പത്തരയോടെ ഒരു സംഘമാളുകൾ ബ്രാ‍ഞ്ചിന്‍റെ താഴത്തെ നിലയിലെത്തി ബാങ്കിന്‍റെ പ്രവർത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുകയായിരുന്നു. സമരക്കാരെ സെക്യൂരിറ്റി ജീവനക്കാർ തട‌ഞ്ഞതോടെ സംഘർഷമായി. 

മുകളിലത്തെ നിലയിലെത്തിയ സമരക്കാർ ബ്രാഞ്ച് അടിച്ചു തകർത്തു. മാനേജരുടെ ക്യാബിൻ തകർത്ത് അകത്തു കയറിയ ഇവർ കമ്പ്യൂട്ടറും മേശയും കസേരയും തല്ലിപ്പൊളിക്കുകയും ചെയ്തു. പറഞ്ഞാൽ ബാങ്ക് അടച്ചിടാനാകില്ലേ - എന്ന് ആക്രോശിച്ച് മാനേജരെ കയ്യേറ്റം ചെയ്യുകയായിരുന്നു അക്രമികൾ. പതിനഞ്ചോളം വരുന്ന സമരക്കാരാണ് എത്തിയതെന്നാണ് ബാങ്ക് മാനേജർ വ്യക്തമാക്കിയത്. യാതൊരു പ്രകോപനവുമില്ലാതെയാണ് സമരക്കാർ ആക്രമണം തുടങ്ങിയതെന്നും മാനേജർ പറയുന്നു. ബാങ്കിൽ എത്തിയ ജീവനക്കാരെ സമരക്കാർ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതേത്തുടർന്ന്, സ്ഥലത്തെത്തി പരിശോധന നടത്തിയ കന്‍റോൺമെന്‍റ് പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. 

Follow Us:
Download App:
  • android
  • ios