കണ്ണൂര്‍: കണ്ണൂർ ജില്ലാ സഹകരണ ബാങ്കിന്‍റെ തളിപ്പറമ്പ ശാഖയിൽ മുക്കുപണ്ട തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി അസിസ്റ്റന്‍റ് മാനേജർ രമ പൊലീസ് പിടിയിലായി. തട്ടിപ്പിനു ശേഷം ഒളിവിലായിരുന്ന രമ വീട്ടിലെത്തിയെന്നറിഞ്ഞ അന്വേഷണ സംഘം പിടികൂടുകയായിരുന്നു. അരക്കോടിയിലധികം രൂപയുടെ തട്ടിപ്പ് ഇവർ നടത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

തളിപ്പറമ്പ സഹകരണ ബാങ്ക് ശാഖയിൽ അരക്കോടിയിലധികം രൂപയുടെ മുക്കുപണ്ട തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി അസിസ്റ്റന്‍റ് മാനേജർ രമയാണ് പൊലീസ് പിടിയിലായത്. തട്ടിപ്പിനു ശേഷം ഒളിവിൽ പോയ രമയെ കണ്ടെത്താൻ ഒരു മാസത്തിലേറെയായി പൊലീസ് സംഘം അന്വേഷണത്തിലായിരുന്നു. കണ്ണപുരത്തുള്ള വീട്ടിൽ രമ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം കിട്ടിയ തളിപ്പറമ്പ പൊലീസാണ് ഉച്ചയോടെ ഇവരെ പിടികൂടുന്നത്. ബാങ്ക് ശാഖയിൽ പണയം വെച്ചിട്ടുള്ള സ്വർണ്ണ ഒരുപ്പടികൾ മാറ്റിയതിനൊപ്പം മകൻറെയും ബന്ധുക്കളുടെയും പേരിൽ ഇവർ മുക്കുപണ്ടം വെച്ച് ലക്ഷങ്ങൾ തട്ടിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി രമയുടെ മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വിശദമായ ചോദ്യം ചെയ്യലിനു ശേഷം രമയെ നാളെ കോടതിയിൽ ഹാജരാക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. കേസിലെ രണ്ടാംപ്രതി ഷഡാനനെ നേരത്തെ ബാങ്ക് ജീവനക്കാർ തന്നെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. മൂന്നാം പ്രതിയും സീനിയർ മാനേജരുമായ ചന്ദ്രൻ ഇപ്പോഴും ഒളിവിലാണ്.