വിവിധ പൊലീസ് സ്റ്റേഷനുകളിലായി 12 കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

ആലപ്പുഴ : കുട്ടനാട്ടില്‍ കർഷകരുടെ പേരിൽ നടത്തിയ വായ്പാ തട്ടിപ്പ് കേസിൽ കുട്ടനാട് വികസനസമിതി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. രജിസ്റ്റർ ചെയ്ത നാലു കേസുകളിലാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിജയകുമാരൻ നായരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് ഫാ. പീലിയാനിക്കലിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

കുട്ടനാട്ടിലെ നിരവധി ആളുകളുടെ പേരില്‍ ഗ്രൂപ്പുകളുണ്ടാക്കി വ്യാജരേഖ ചമച്ച് ആലപ്പുഴയിലെ വിവിധ ബാങ്കുകളില്‍ നിന്ന് പ്രതികൾ കാര്‍ഷിക വായ്പ തട്ടിയെടുത്തതെന്നാണ് കേസ്. വിശ്വാസ വഞ്ചനക്കും വ്യാജരേഖ ചമച്ച് വായ്പ തട്ടിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 12 കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ തോമസ് പീലിയാനിക്കലിനെ കൂടാതെ കാവാലം സ്വദേശിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എൻ.സി.പി നേതാവ് റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ഓഫിസ് ജീവനക്കാരി ത്രേസ്യാമ്മ എന്നിവരും പ്രതികളാണ്. 

വികസന സമിതി ഓഫിസ് അടച്ച് പൂട്ടിയതോടെ പണം കിട്ടാനുള്ളവര്‍ എല്ലാ ദിവസവും ഓഫിസിലെത്തി മടങ്ങിപ്പോവുകയായിരുന്നു. വായ്പയ്ക്ക് ശിപാര്‍ശ ചെയ്ത് പണം തട്ടിയത് കൂടാതെ വായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞും നിരവധി പേരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും പരാതിയുണ്ട്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി. വിജയകുമാരന്‍ നായരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. കേസെടുത്തത് മുതല്‍ ഒളിവിലായ റോജോ ജോസഫിനെതിരെ വീണ്ടും പരാതി ഉയർന്നിട്ടുണ്ട്. കാവാലം വടക്കുംഭാഗം മുറിയില്‍ പള്ളിത്താനം പതിനഞ്ചില്‍ വീട്ടില്‍ പി.ജെ. മേജോ ആണ് കൈനടി പൊലീസില്‍ പരാതി നല്‍കിയത്. 

വ്യാജരേഖ ചമച്ച് ത​ന്‍റെ പേരില്‍ വായ്പ എടുത്തെന്നായിരുന്നു പി.ജെ.മോജോയുടെ പരാതി. 2014ല്‍ എടത്വ കനറാ ബാങ്കില്‍നിന്ന് മേജോ വായ്പയെടുത്തെന്നും പലിശ സഹിതം 4.50 ലക്ഷം തിരിച്ചടക്കണമെന്നും കാട്ടി ജപ്തി നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് വിവരം അറിയുന്നത്. തുടര്‍ന്നാണ് പരാതി നല്‍കിയത്. ഫാ. തോമസ് പീലിയാനിക്കൽ കഴിഞ്ഞ 3 മാസമായി ഒളിവിലായിരുന്നു. ഇതിനിടെ ഫാ.തോമസ് പീലിയാനിക്കൽ കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയതായും പറയുന്നുണ്ട്. എന്നാൽ മുൻകൂർ ജാമ്യത്തെക്കുറിച്ചുള്ള വിവരം തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.