എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അടക്കം അഞ്ച് പേര്‍ അറസ്റ്റില്‍
പൂനെ: വായ്പാ തട്ടിപ്പ് കേസില് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ രവീന്ദ്ര മറാത്തെ അറസ്റ്റിൽ. കേസിൽ രവീന്ദ്ര മറാത്ത ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പുനെ കേന്ദ്രമായി പ്രവര്ത്തിക്കുന്ന ബിൽഡർമാരായ എസ്കെ ഗ്രൂപ്പിന് വ്യാജ രേഖ ഉപയോഗിച്ച് വായ്പ അനുവദിച്ച കേസിൽ മറാത്തെക്ക് പുറമെ എക്സിക്യൂട്ടീവ് ഡയറക്ടര് രാജേന്ദ്ര ഗുപ്ത, ഡിഎസ്കെ ഗ്രൂപ്പ് ചാര്ട്ടേഡ് അക്കൗണ്ടന്റ് സുനില് ഗട്ട് പാണ്ഡെ, ഡിഎസ്കെ വൈസ് പ്രസിഡന്റ് രാജീവ് നെവാസ്ക്കര് എന്നിവരാണ് പുനെയില് നിന്നും അറസ്റ്റിലായത്.
ഇവര്ക്ക് പുറമെ മുന് സി ഇ ഒ യും എംഡിയുമായ സുശീല് മനൂത്ത് ജയ്പ്പൂരില് നിന്നും സോണല് മാനേജര് നിത്യാനന്ദ് ദേശ്പാണ്ടേ അഹമ്മദാബാദില് നിന്നും അറസ്റ്റിലായതായി പൊലീസ് പറഞ്ഞു. അധികാരം ദുര്വിനിയോഗം ചെയ്ത് കടലാസ് കമ്പനിക്ക് വായ്പ അനുവദിച്ച കുറ്റത്തിനാണ് അറസ്റ്റ്.ഒരേ രേഖകള് ഉപയോഗിച്ച് മൂന്ന് തവണ വായ്പകള് അനുവദിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര് കണ്ടെത്തി.ക്രിമിനൽ ഗൂഢാലോചന, തട്ടിപ്പ്, അഴിമതി എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ കേസിൽ ബിൽഡർമാരായ ഡിഎസ് കുൽഖർനിയും ഭാര്യയും അറസ്റ്റിലായിരുന്നു.
