കണ്ണൂര്‍: കണ്ണൂരില്‍ ബാങ്ക് ജീവനക്കാരി വെടിയേറ്റു മരിച്ചു. ഐഡിബിഐ ബാങ്കിന്റെ തലശേരി ശാഖയിലെ ജീവനക്കാരി വില്‍ന വിനോദ്(25)ആണു മരിച്ചത്. സുരക്ഷാ ജീവനക്കാരനായ ഹരീന്ദ്രന്റെ കയ്യിലിരുന്ന തോക്കില്‍നിന്നാണു വെടിയേറ്റത്. ധര്‍മടം മേലൂര്‍ സ്വദേശിനിയാണു വില്‍ന.

ഇന്നു രാവിലെ വില്‍ന ബാങ്കില്‍ എത്തിയ ഉടനെയായിരുന്നു സംഭവം. പ്രൊബേഷനറി ഓഫിസറായ വില്‍ന ഒരു മാസം മുന്‍പാണ് ഈ ശാഖയില്‍ ജോലിക്കു ചേര്‍ന്നത്. തലയ്ക്കാണു വെടിയേറ്റത്. മൃതദേഹം തലശേരിയിലെ സഹകരണ ആശുപത്രിയിലേക്കു മാറ്റി.

ബാങ്കിനുള്ളില്‍വച്ച് തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ പൊട്ടുകയായിരുന്നെന്നാണു പ്രാഥമിക നിഗമനം. ഹരീന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിറ തോക്കിലെ തിരകള്‍ മാറ്റിയശേഷമേ വൃത്തിയാക്കാന്‍ പാടുള്ളൂ എന്നാണു ചട്ടം. ഇക്കാര്യത്തില്‍ ഹരീന്ദ്രനില്‍നിന്നു പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ആരായുകയാണ്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ബാങ്കില്‍ ഇപ്പോഴും പരിശോധ നടത്തുന്നുണ്ട്.