കള്ളപ്പണത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിയുന്നു ഉജ്വല നീക്കം. എന്നാല്‍ അതോടൊപ്പം അപ്രതീക്ഷിത പ്രഖ്യാപനത്തിന്‍റെ ആഘാതവും ആശങ്കയും ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥക്കു മുമ്പില്‍ ഉരുണ്ടു കൂടുന്ന പ്രതിസന്ധിയെ എങ്ങനെ വേഗത്തില്‍ മറികടക്കാനാകുമെന്നതാണ് ഇനിയുള്ള പ്രതിസന്ധി. 500, 1000 നോട്ടുകള്‍ റദ്ദാക്കപ്പെട്ടതോടെ പണമിടപാടുകള്‍ എങ്ങനെ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്നതാണ് പ്രധാന വെല്ലുവിളി.

പ്രധാന മന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ കാഷ് ഡെപ്പോസിറ്റ് മെഷീനുകളുടെ മുന്നില്‍ പണം നിക്ഷേപിക്കാനെത്തിയവരുടെ നീണ്ട ക്യൂ പലയിടത്തും ദൃശ്യമായി. നാളെ മുതല്‍ 100 രൂപയാണ് ഏറ്റവും വലിയ നോട്ട്. 100 രൂപയാകട്ടെ പല എടിഎമ്മുകളിലും കിട്ടാനുമില്ല. പരീക്ഷണാടിസ്ഥാനത്തില്‍ 10 ശതമാനം എടിമ്മുകളില്‍ 100 രൂപ മാത്രമാക്കാന്‍ ബാങ്കുകള്‍ക്ക് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും ഇത്ര വലിയ പ്രഖ്യാപനം ഉടന്‍ ആരും പ്രതീക്ഷിച്ചില്ല. പുതിയ സാഹചര്യത്തെ നേരിടാന്‍ സജ്ജമെന്ന് റിസര്‍വ് ബാങ്കും വ്യക്തമാക്കിയിട്ടുണ്ട്.

ഈ വെള്ളിയാഴ്ച മുതല്‍ പുതിയ നോട്ടുകള്‍ നല്‍കാനാകുമെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചിരിക്കുന്നത്. എങ്കിലും രാവിലെ മുതല്‍ അടിയന്തിര സാമ്പത്തിക ഇടപാടകളെ പുതിയ നിയമം ബാധിക്കുമെന്നത് ഉറപ്പാണ്. ഇതുണ്ടാക്കുന്ന ആശയക്കുഴപ്പങ്ങളേയും ബുദ്ധിമുട്ടുകളെയും എങ്ങനെ മറികടക്കാനാകുമെന്നതാണ് വെല്ലുവിളി.

ഡിഡി, ചെക്, ഓണ്‍ലൈന്‍, നെറ്റ് ബാങ്കിംഗ് ഇടപാടുകളെ ഇവ ബാധിക്കില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. പണം കൈമാറുന്ന ഇടപാടുകളിലാണ് നിയന്ത്രണം. സാധനങ്ങള്‍ വാങ്ങുമ്പോള്‍ പണം പരമാവധി ഓണ്‍ ലൈനായി കൈമാറാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ബാങ്കുകള്‍.
എങ്കിലും സാധാരണക്കാരുടെ ആശങ്ക തീരുന്നില്ല. അടിയന്തിര പണ ഇടപാടുകള്‍ മുടങ്ങുന്നതുമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ വളരെ വലുതാണ്. നിരോധനമുണ്ടാക്കിയ പരിഭ്രാന്തിയോടെ എത്തുന്ന ഇടപാടുകാരെ സമാധാനിപ്പിക്കാന്‍ ബാങ്കുകളും നന്നേ ബുദ്ധി മുട്ടും. ഇക്കാര്യത്തില്‍ ബാങ്ക് ജീവനക്കാര്‍ അവസരത്തിനൊത്തുയരണമെന്നാണ് പ്രധാനമന്ത്രിയുടെയും അഭ്യര്‍ത്ഥന.