രാജ്യത്തെ ബാങ്കുകൾ ഈ ശനിയും ഞായറും തുറന്ന് പ്രവർത്തിക്കുമെന്ന് ആർബിഐ അറിയിച്ചു. പുതിയ നോട്ടുകൾ മാറ്റി നൽകുന്നതിന് വേണ്ടിയാണ് നടപടി .ഇന്ന് രാജ്യത്തെ ബാങ്കുകളെല്ലാം അടഞ്ഞുകിടക്കുകയാണ്. എടിമ്മുകളും പ്രവര്‍ത്തിക്കുന്നില്ല. 1000, 500 രൂപ നോട്ടുകള്‍ കൈവശമുള്ളവര്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും പണം നഷ്ടപ്പെടില്ലെന്നും റിസര്‍വ് ബാങ്ക് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ഈ പണം നാളെ ബാങ്കുകള്‍ സ്വീകരിക്കും. ഇടപാടുകാര്‍ക്ക് തങ്ങളുടെ അക്കൗണ്ടില്‍ ഈ പണം നിക്ഷേപിക്കാം. കൂടിയ തുകക്ക് തിരിച്ചറിയല്‍ രേഖകളും സ്റ്റേറ്റ്മെന്‍റുകളും നല്‍കേണ്ടി വരും. ഡിസംബര്‍ 30തു വരെ ഇതിന് സൗകര്യമുണ്ടാകും. എങ്കിലും നാളെ ബാങ്കുകളില്‍ വന്‍ തരക്കുണ്ടാകുമെന്നാണ് പ്രതീക്ഷ.

ഇതിന് പരിഹാരമായാണ് കൂടുതല്‍ കൗണ്ടറുകള്‍ ബാങ്കുകളില്‍ നാളെ തുറക്കുക. പണം നിക്ഷേപിക്കാനും നിശ്ചിത തുക പിന്‍വവലിക്കാനും ബാങ്കുകളില്‍ നാളെ അവസരമുണ്ടാകും. 100 രൂപ നോട്ടുകള്‍ക്ക് പലയിടത്തും ക്ഷാമമുണ്ട്. ബാങ്കുകളോട് പരമാവധി 100 രൂപകള്‍ ശേഖരിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ശനിയാഴ്ച മുതല്‍ എടിമ്മുകളില്‍ 100 രൂപ ലഭ്യമാക്കാനാണ് നിര്‍ദ്ദേശം.

എടിഎമ്മുകളിലുള്ള 1000,500 രൂപ നോട്ടുകള്‍ പിന്‍വലിച്ച് 100 രൂപ നിറക്കുന്ന നടപടികള്‍ ഏജന്‍സികള്‍ ആരംഭിച്ചുകഴിഞ്ഞു. പുതിയ 2000 രൂപയുടെ നോട്ടുകള്‍ സംസ്ഥാനത്തെ ബാങ്കുകളില്‍ എത്തിക്കഴിഞ്ഞു. പുതിയ 500 രൂപ നോട്ടുകള്‍ അടുത്ത ദിവസം എത്തും. പണം നിക്ഷേപിക്കാനായി നാളെ കൂട്ടത്തോടെ എത്തുന്ന നിക്ഷേപകര്‍ക്കായി പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കുന്ന തിരക്കിലാണ് ബാങ്ക് ജീവനക്കാര്‍ ഇന്ന്. പണം നിക്ഷേപിക്കാനും മാറ്റി വാങ്ങാനും പ്രത്യേക കൗണ്ടറുകളുണ്ടാകും.