തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലെ ബാങ്ക് ഗ്യാരന്റിയില്‍ സമവായമാകുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ബാങ്കുകള്‍ നല്‍കുന്ന ആറു ലക്ഷം രൂപയുടെ ഗ്യാരന്റിയില്‍ സര്‍ക്കാര്‍ ചില ഉറപ്പുകള്‍ നല്‍കും. നിയുക്ത ചീഫ് സെക്രട്ടറി കെഎം എബ്രഹാം ബാങ്ക് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണ. ഇന്ന് തന്നെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അന്തിമതീരുമാനം പ്രഖ്യാപിക്കുമെന്ന് കെ.എം എബ്രഹാം അറിയിച്ചു
നിയുക്ത ചീഫ് സെക്രട്ടറി കെ.എം എബ്രഹാം, സംസ്ഥാന തല ബാങ്കേഴ്സ് സമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമവായ സാധ്യതകള്‍ തെളിഞ്ഞത്. വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് ഈടുകള്‍ ഒന്നുമില്ലാതെ ബാങ്കുകള്‍ ഗ്യാരന്റി നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പകരം സര്‍ക്കാര്‍ ഗ്യാരന്റി നല്‍കും. ആറ് മാസത്തേക്കാണ് ഈ സൗകര്യം അനുവദിക്കുക. ഇതിനോടകം അന്തിമ ഫീസ് നിശ്ചയിക്കാനാണ് ധാരണ.
