പൂട്ടികിടക്കുന്ന ബാറുകള്‍ തുറക്കാന്‍ മുന്‍ ധനകാര്യമന്ത്രിയായിരുന്ന കെ എം മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന് ബാറുടമ ബിജു രമേശ് 2014 ഒക്ടോബറില്‍ ആരോപണമുന്നയിച്ചു. 

കോച്ചി: ബാർക്കോഴ കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലൻസ് കോടതി മാർച്ച് 15 ലേക്ക് മാറ്റി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ എം മാണി നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിലാണ് നടപടി. കെ എം മാണിക്കെതിരെ തുടരന്വേഷണത്തിന് പ്രോസിക്യൂഷൻ അനുമതി സമർപ്പിക്കാൻ വിജിലൻസ് കോടതി നൽകിയ സമയം ഇന്നവസാനിച്ചിരുന്നു.

പൂട്ടികിടക്കുന്ന ബാറുകള്‍ തുറക്കാന്‍ മുന്‍ ധനകാര്യമന്ത്രിയായിരുന്ന കെ എം മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന് ബാറുടമ ബിജു രമേശ് 2014 ഒക്ടോബറില്‍ ആരോപണമുന്നയിച്ചതോടെയാണ് കേരള രാഷ്ട്രീയത്തില്‍ ബാര്‍ കോഴ കേസിന്‍റെ ആരംഭം. കെ എം മാണിയുടെ രാഷ്ട്രീയ ജീവിതത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതായിരുന്നു ഈ ആരോപണം. ആരോപണത്തെ തുടര്‍ന്ന് നവംബറില്‍ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് ഡിസംബറില്‍ മാണിക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 

എന്നാല്‍ 2015 ല്‍ ജൂലൈയില്‍ മാണിക്കെതിരെ തെളിവില്ലെന്ന വിജിലന്‍സിന്‍റെ ആദ്യ റിപ്പോര്‍ട്ട് പുറത്തുവരുന്നു. തുടര്‍ന്ന് പല തവണ കേസുകള്‍ മാറ്റിവെച്ചെങ്കലും വി എസ് അച്യുതാനന്ദന്‍ മാണിക്കെതിരെ ശക്തമായ നിലപാടുമായി നീങ്ങിയതോടെ കേസ് വീണ്ടും സജീവമാകുകയായിരുന്നു. 

2017 ലും മാണിക്കെതിരെ കേസ് സജീവമായി നിലനിന്നു. ബാര്‍ കോഴ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന്‍റെ പേരില്‍ മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡി, ബാർകേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്‌പി ആര്‍ സുകേശൻ എന്നിവർക്കെതിരെ പ്രാഥമിക അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.