Asianet News MalayalamAsianet News Malayalam

ട്രംപിനെതിരെ തുറന്നടിച്ച് ഒബാമ; പരിഹാസവുമായി ട്രംപ്

ജനങ്ങള്‍ക്ക് ട്രംപിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും വിവിധ തരത്തിലുള്ള നികുതി റദ്ദാക്കലുകളിലൂടെ അമേരിക്കയുടെ സാമ്പത്തിക അവസ്ഥയെ ട്രംപ് ഭരണകൂടം തകര്‍ക്കുകയാണെന്നും ഒബാമ വിമര്‍ശിച്ചു. അമേരിക്കയുടെ വിശാലമായ ജനാധിപത്യ ബോധത്തിന് തന്നെ ട്രംപ് ഭരണകൂടം ഭീഷണിയാണെന്ന് പറഞ്ഞ അദ്ദേഹം കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും വ്യക്തമാക്കി

barack obama on donald trump government
Author
Washington, First Published Sep 8, 2018, 8:33 PM IST

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമ. വെറുപ്പിന്‍റെ രാഷ്ട്രീയം പയറ്റി മുതലെടുപ്പ് നടത്തുകയാണ് ട്രംപ് ചെയ്യുന്നതെന്ന് ഒബാമ അഭിപ്രായപ്പെട്ടു. ഇത്തരം രാഷ്ട്രീയത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നെഞ്ചിലേറ്റുന്നത് ദൗര്‍ഭാഗ്യമാണെന്നും ഇ​ല്ലി​നോ​യി​സ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ത്തി​യ പ്ര​സം​ഗ​ത്തില്‍ അദ്ദേഹം ചൂണ്ടികാട്ടി.

ജനങ്ങള്‍ക്ക് ട്രംപിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും വിവിധ തരത്തിലുള്ള നികുതി റദ്ദാക്കലുകളിലൂടെ അമേരിക്കയുടെ സാമ്പത്തിക അവസ്ഥയെ ട്രംപ് ഭരണകൂടം തകര്‍ക്കുകയാണെന്നും ഒബാമ വിമര്‍ശിച്ചു. അമേരിക്കയുടെ വിശാലമായ ജനാധിപത്യ ബോധത്തിന് തന്നെ ട്രംപ് ഭരണകൂടം ഭീഷണിയാണെന്ന് പറഞ്ഞ അദ്ദേഹം കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും വ്യക്തമാക്കി.

വരുന്ന ന​വം​ബ​ര്‍ മാസത്തോടെ യുഎസിലെങ്ങും വലിയ തോതിലുള്ള പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഒബാമ പ​റ​ഞ്ഞു. പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും പടിയിറങ്ങി രണ്ട് വര്‍ഷത്തോളം ട്രംപിനെ പേരെടുത്ത് വിമര്‍ശിക്കാതിരുന്ന ഒബാമയുടെ കടുത്ത പ്രതികരണം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ഞെട്ടിച്ചിട്ടുണ്ട്.

അതേസമയം ഒബാമയ്ക്കെതിരെ പരിഹാസം ചൊരിയാന്‍ ട്രംപ് മടികാട്ടിയില്ല. ഉറക്കം വരാത്തവര്‍ക്ക് ഉറങ്ങാനുള്ള മരുന്നായി ഒബാമയുടെ പ്രസംഗം മാറുമെന്നാണ് ട്രംപ് പറഞ്ഞത്.  ഒബാമയുടെയും ഡെമോക്രാറ്റ് പാര്‍ട്ടിയുടെയും നയങ്ങളെ തിരഞ്ഞെടുപ്പില്‍ ജനം പരാജയപ്പെടുത്തിയതാണെന്നും ട്രംപ് ഓര്‍മ്മിപ്പിച്ചു.

Follow Us:
Download App:
  • android
  • ios