പൗളീഞ്ഞോ ബാഴ്സയില്‍ നിന്ന് വായ്പ അടിസ്ഥാനത്തിലാണ് ചെെനീസ് ക്ലബ്ബിലേക്ക് മാറിയത്
മാഡ്രിഡ്: ഒരു വര്ഷത്തിന് ശേഷം ചെെനീസ് ക്ലബ്ബിലേക്ക് ബ്രസീലിന്റെ മിന്നും താരം പൗളീഞ്ഞോ പോയപ്പോള് മറ്റൊരു കാനറി താരത്തെ ബാഴ്ച ന്യൂ കാമ്പിലെത്തിച്ചു. മധ്യനിര താരവും ഇരുപത്തിയൊന്നുകാരനുമായ ആര്തറിനെ 40 മില്യണ് യൂറോയ്ക്ക് ആറു വര്ഷത്തെ കരാറിലാണ് ബാഴ്സ തങ്ങളുടെ ടീമിലെത്തിച്ചിരിക്കുന്നത്.
ബ്രസീലിയന് ക്ലബ് ജ്രമിയോയുടെ താരമായ ആര്തര് മധ്യനിരയിലെ മികച്ച പ്രകടനം കൊണ്ട് ഇതിനകം ശ്രദ്ധ നേടിയ കളിക്കാരനാണ്. ലൂയീ ഫിലിപ് സ്കോളാരിക്ക് കീഴില് 2015ല് ആണ് ആര്തര് ജ്രമിയോയ്ക്ക് വേണ്ടി ആദ്യമായി കളത്തിലിറങ്ങിയത്. ഇതിന് ശേഷം താരത്തെ ബ്രസീല് ദേശീയ ടീമിലേക്ക് പരിഗണിച്ചെങ്കിലും ഇതുവരെ മഞ്ഞപ്പടയില് കളിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല.
ജ്രമിയോയ്ക്ക് കോപ്പ ഡോ ബ്രസീലും സൗത്ത് അമേരിക്കന് ചാമ്പ്യന്സ് ലീഗായ കോപ്പ ലിബര്ടഡോറസും നേടിക്കൊടുക്കുന്നതില് മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. 66 കളികളില് നിന്നായി ആറു ഗോളുകളാണ് താരം ക്ലബ്ബിനായി ഇത് വരെ സ്വന്തമാക്കിയിരിക്കുന്നത്.
ബാഴ്സയില് നിന്ന് കുടീഞ്ഞോയും കൂടുമാറുമെന്ന തരത്തില് അഭ്യൂഹങ്ങള് വരുന്നുണ്ട്. അതേസമയം, പോള് പോഗ്ബയെയോ വില്യനയോ ടീമിലെത്തിക്കണമെന്നാണ് മെസി ക്ലബ്ബിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സ്പാനിഷ് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തത്.
