സർക്കാർ ഉത്തരവ് ഫലം കണ്ടില്ല, നഴ്സുമാർക്ക് ശമ്പളം പഴയ പടി തന്നെ. തുച്ഛമായ വേതനത്തിനാണ് നിരവധി നഴ്സുമാർ ഇപ്പോഴും ജോലി ചെയ്യുന്നത്. പരാതി കിട്ടിയാൽ നടപടി എടുക്കാമെന്ന് തൊഴിൽ വകുപ്പ്.

കോഴിക്കോട്: മിനിമം വേതനം ഉറപ്പാക്കി സര്‍ക്കാർ ഉത്തരവിറക്കിയിട്ടും സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പളം പഴയപടി തന്നെ. തുച്ഛമായ ശമ്പളത്തിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ട ഗതികേടിലാണ് സംസ്ഥാനത്തെ ഭൂരിഭാഗം നേഴ്സുമാരും. സാമ്പത്തിക പ്രതിസന്ധിയെന്ന് മാനേജ്മെന്‍റുകൾ വാദിക്കുമ്പോൾ പരാതി കിട്ടിയാൽ നടപടി എടുക്കാമെന്ന നിലപാടിലാണ് തൊഴിൽ വകുപ്പ്.

ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കിയ നഴ്സുമാരുടെ സമരത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് വേതനം പരിഷ്ക്കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മൂന്നൂറ് കിടക്ക വരെയുള്ള ആശുപത്രികളിലെ ബി എസ് സി നഴ്സുമാര്‍ക്ക് 22000 രൂപയും ജനറല്‍ നഴ്സുമാര്‍ക്ക് ഇരുപതിനായിരം രൂപയും ശമ്പളം നല്‍കാനായിരുന്നു നിര്‍ദ്ദേശം. നൂറ് കിടക്കവരെയുള്ള ആശുപത്രികളിലെ നറല്‍ നഴ്സുമാര്‍ക്ക് 20000 രൂപയും, രണ്ട് വര്‍ഷത്തില്‍ താഴെ പ്രവൃത്തിപരിചയമുള്ള ജനറല്‍ നഴ്സുമാര്‍ക്ക് പതിനേഴായിരം രൂപയും നല്‍കണം എന്നായിരുന്നു ഉത്തരവ്. ഉത്സവ ബത്തയടക്കമുള്ള ആനുകൂല്യങ്ങള്‍ വേറെയും. 

2017 ഓക്ടോബര്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍, സാമ്പത്തിക പരാധീനതയെന്ന കാരണം പറഞ്ഞ് ആശുപത്രികളേറെയും സര്‍ക്കാര്‍ ഉത്തരവ് പാലിക്കുന്നതില്‍ നിന്ന് പിന്നോട്ട് പോവുകയായിരുന്നു. പരാതികള്‍ കിട്ടിയാല്‍ നടപടിയെടുക്കാമെന്നാണ് തൊഴില്‍വകുപ്പിന്‍റെ പ്രതികരണം.