കോട്ടയം: ബിജെപി മുന്നണി മര്യാദ പാലിച്ചില്ലെന്ന ആരോപണത്തെ ചൊല്ലി എന്‍ഡിഎ സംസ്ഥാന നേതൃത്വത്തില്‍ ബിജെപി- ബിഡിജെഎസ് ബന്ധത്തില്‍ പൊട്ടിത്തെറി തുടരുന്നതിനിടെ ഇന്ന് ബിഡിജെസ് സംസ്ഥാന കൗണ്‍സില്‍ യോഗം ചേരും. കോട്ടയം ഏറ്റുമാനൂരില്‍ ചേരുന്ന യോഗത്തില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമുണ്ടാകുമെന്നാണ് സൂചന.

ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ അധ്യക്ഷതയില്‍ ഉച്ചക്ക് 2 മണിക്കാണ് യോഗം ചേരുന്നത്. വാഗ്ദാനം ചെയ്ത പദവികളില്‍ പലതും ലഭിക്കാത്തതിലും കേന്ദ്ര സര്‍വ്വകലാശാലക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നല്‍കാത്തതിലും ബിഡിജെഎസ് നേതൃത്വം പ്രതിഷേധത്തിലാണ്. മുന്നണി എന്ന നിലയില്‍ ബിജെപിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും പ്രവര്‍ത്തകര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. ഇക്കാര്യങ്ങളെല്ലാം ഇന്ന് ചര്‍ച്ചയായേക്കും.