ദില്ലി: സ്വന്തമായി കാറുള്ളവരെ പാചകവാതക സബ്സിഡി പട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള നീക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നടപടികൾ തുടങ്ങിയതായാണ് റിപ്പോർട്ട് . സബ്സിഡി നേരിട്ട് അക്കൗണ്ടിലേക്കു കൈമാറുന്നതിലൂടെ 36 ദശലക്ഷം വ്യാജ എൽപിജി കണക്‌ഷനുകൾ ഒഴിവാക്കാനായെന്നും 30,000 കോടി രൂപ ലാഭിക്കാനായെന്നും കേന്ദ്രം നേരത്തെ വിശദമാക്കിയിരുന്നു. അതുപോലെ കാർ സ്വന്തമായുള്ളവരെ കണ്ടെത്തി അവരെ സബ്സിഡി ലിസ്റ്റിൽ നിന്നൊഴിവാക്കി വൻതുക നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്.
രണ്ടും മൂന്നും കാറുള്ളവരും സബ്സിഡി വാങ്ങുന്നെന്നാണ് വിലയിരുത്തൽ. വാര്‍ഷിക വരുമാനം 10 ലക്ഷമുള്ളവരെ സബ്സിഡിയില്‍ നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു. ഒന്നിലധികം കാറുള്ളവരും സബ്സിഡി വാങ്ങുന്നുണ്ടെന്ന വിലയിരുത്തലിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. രാജ്യത്തെ മുഴുവന്‍ ആര്‍ടി ഒഫീസുകളില്‍ നിന്നും കാര്‍ സ്വന്തമായുള്ളവരുടെ വിവര ശേഖരണം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. പെട്രോളിയം മന്ത്രാലയം ഇത് സംബന്ധിച്ച് പാചക വാതക ഉപഭോക്താക്കളുടെ വിവര ശേഖരണം തുടങ്ങി. പാന്‍ കാര്‍ഡ്, അഡ്രസ്, മൊബൈല്‍ നമ്പര്‍ ഇവയുടെ അടിസ്ഥാനത്തിലാണ് വരുമാനം കണക്കുകൂട്ടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
