തൃശൂര്‍: തൃശൂര്‍ കൊടുങ്ങല്ലൂരില്‍ കടന്നല്‍ കുത്തേറ്റ് 9 പേര്‍ക്ക് പരിക്ക്. മൊബൈല്‍ ടവറില്‍ ജോലി ചെയ്യുന്നതിനിടെ തൊഴിലാളികളെ കടന്നലുകള്‍ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 കൊടുങ്ങല്ലൂര്‍ പടാകുളം ജംഗ്ഷനില്‍ മൊബൈല്‍ ടവറിനു മുകളില്‍ നെറ്റ്‌വര്‍ക്ക് ജോലി ചെയ്യുന്നതിനിടെയാണ് തൊഴിലാളികളെ കടന്നലുകള്‍ ആക്രമിച്ചത്. കടന്നല്‍ കൂടുണ്ടെന്നറിയാതെ ടവറിന് മുകളില്‍ കയറിയ മലപ്പുറം സ്വദേശി മുനീബ്, എറണാകുളം സ്വദേശി ഗോപി, ഞാറക്കല്‍ സ്വദേശി ശരത് എന്നിവര്‍ക്കാണ് കുത്തേറ്റത്. 

ശരത്തും ഗോപിയും ഉടനെ താഴെയിറങ്ങി ആശുപത്രിയിലെത്തി. മുനീബിനെ തിരക്കിയപ്പോഴാണ് ഇയാള്‍ ബോധരഹിതനായി ടവറിന് മുകളില്‍ കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഇയാളെ താഴെയിറക്കാനെത്തിയ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെയും കടന്നലുകള്‍ ആക്രമിച്ചു. ഫയര്‍ഫോഴ്‌സ് സംഘത്തിലെ ആറ് പേര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റ 9 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.