തിരുവനന്തപുരം: പൊലീസ് മേധാവി സ്ഥാനത്തു നിന്നും മാറ്റിയതില്‍ ടി.പി.സെന്‍കുമാറിന് അതൃപ്തി. പുതിയ പദവി സെന്‍കുമാര്‍ ഉടന്‍ ഏറ്റെടുക്കാനിടയില്ല.പൊലീസ് മേധാവിയുടെ പെട്ടെന്നുണ്ടായ സ്ഥാന ചലനത്തിന്റെ ഞെട്ടിലാണ് സേന. ഇന്നലെ രാത്രി ദില്ലിയില്‍ നിന്നും മടങ്ങിയെത്തിയതിന് പിന്നാലെയാണ് ഡിജിപിയെ മാറ്റാനുള്ള ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവയ്‌ക്കുന്നത്. സൂചന ലഭിച്ചയുടെന്‍ പുസ്തകങ്ങളും സ്വന്തം ഫയലുകളുമായി സെന്‍കുമാര്‍ ഓഫീസില്‍ നിന്നും ഇറങ്ങി.

രാവിലെ പൊലീസ് ആസ്ഥാനത്തെത്തിയ സെന്‍കുമാറിനെ കാണാന്‍ ഉന്നത ഉദ്യോഗസ്ഥരെത്തി. പിന്നാലെ ഫേസ്ബുക്കിലൂടെ പൊലീസ് മേധാവി എന്നനിലയിലെ അവസാന സന്ദേശം. പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എംഡി സ്ഥാനം സെന്‍കുമാര്‍ ഉടന്‍ ഏറ്റെടുക്കാനിടിയില്ലെന്നാണ് സൂചന. അവധിയില്‍ പോകാനുള്ള നീക്കങ്ങളുമുണ്ട്. മാറ്റിയ തീരുമാനത്തിനെതിരെ നിയമനടപടിക്ക് പോകാനിടയില്ലെന്നാണ് സൂചന.

സംസ്ഥാന പൊലീസ് മേധാവി പദവിയില്‍ ഒരു വര്‍ഷത്തെ കാലയളവ് ബാക്കിനില്‍ക്കെയാണ് സെന്‍കുമാറിനെമാറ്റിയത്. പുതിയ ഡിജിപിയാകുന്ന 1985 ബാച്ചിലെ ഐപിഎലസ് ഉദ്യോഗസ്ഥനായ ലോക്നാഥ് ബെഹ്റക്ക് ഇനി അഞ്ചുവര്‍ഷം സര്‍വ്വീസ് ബാക്കിയുണ്ട്. എന്‍ഐഎ, സിബിഐ എന്നീ അന്വേഷണ ഏജന്‍സികളിലെ അനുഭവ പരിചയവുമായാണ് ബെഹ്റ പൊലീസ് തലപ്പത്ത് എത്തുന്നത്. മുംബൈ തീവ്രവാദ ആക്രമണം, പുരുലിയ ആയുധ ഇടപാട് അടക്കം സുപ്രധാനമായ പല കേസുകളുടെയും അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ബെഹ്റ.