കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിന്‍റെ കശാപ്പുനിയന്ത്രണ ഉത്തരവിനെതിരെ കേരളത്തില്‍ സി പി എം നടത്തുന്ന ബീഫ് ഫെസ്റ്റിവലുകളോട് എതിര്‍പ്പ് പ്രകടിപ്പിച്ച് ബംഗാള്‍ഘടകം രംഗത്ത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് ബംഗാളിലെ മുതിര്‍ന്ന സിപിഎം നേതാക്കളില്‍ ഒരാള്‍ ബീഫ് ഫെസ്റ്റിവലുകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തി. ബംഗാളിലെ ഭൂരിപക്ഷസമുദായത്തിന്റെ വികാരത്തെ ബാധിക്കുമെന്നതാണ് ഇതിനുകാരണമായി ബംഗാള്‍ ഘടകം ഉയര്‍ത്തിക്കാട്ടുന്നത്.

കേന്ദ്രസര്‍ക്കാരും ബി.ജെ.പി.യും ചെയ്യുന്നത് ശരിയല്ല. പക്ഷേ, ബീഫ് ഫെസ്റ്റിവലോ പോര്‍ക്ക് ഫെസ്റ്റിവലോ നടത്തുകവഴി മറ്റൊരാളെ ഇതുകഴിക്കാന്‍ നിര്‍ബന്ധിക്കുകയാണ് ചെയ്യുന്നതെന്ന് ബംഗാളിലെ മുതിര്‍ന്ന സി.പി.എം. നേതാക്കളിലൊരാള്‍ യോട് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാനസര്‍ക്കാരിന്റെ പ്രീണന രാഷ്ട്രീയംകാരണം ബംഗാളില്‍ ബി.ജെ.പി. വളരെപ്പെട്ടെന്നാണ് സ്വാധീനമുണ്ടാക്കുന്നത്. ഇപ്പോള്‍ തങ്ങള്‍ ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചാല്‍ വര്‍ഗീയാഗ്നിക്ക് അത് കാരണമാകുമെന്നും ബീഫ് ഫെസ്റ്റിവലുകള്‍ നടത്തുന്നതിന് തങ്ങളുടെ പാര്‍ട്ടി എതിരാണെന്നും ബംഗാളിലെ ഇടതുമുന്നണിയിലെ കക്ഷിയായ ആര്‍.എസ്.പി.യുടെ സംസ്ഥാന സെക്രട്ടറി ക്ഷിതി ഗോസ്വാമി പറഞ്ഞു.

കേരളത്തില്‍ സിപിഎമ്മും പോഷകസംഘടനകളായ ഡിവൈഎഫ്ഐയും എസ്എഫ്ഐയുമെല്ലാം നേതൃത്വത്തില്‍ ബീഫ് ഫെസ്റ്റിവലുകള്‍ തകൃതിയായി നടക്കുന്നതിനിടെ ബംഗാള്‍ ഘടകത്തിന്‍റെ എതിര്‍വാദം ശ്രദ്ധേയമാകുകയാണ്.

ഇതാദ്യമല്ല സി പി എമ്മിന്‍റെ ബംഗാള്‍ ഘടകം ബീഫ് ഫെസ്റ്റിവലുകളെ എതിര്‍ത്തുകൊണ്ട് മുന്നോട്ട് വരുന്നത്. ചില സംസ്ഥാനങ്ങളിലെ കശാപ്പ് നിരോധനത്തിനെതിരെ 2015 ഒക്ടോബറില്‍ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ബീഫ് കഴിച്ചുകൊണ്ടുള്ള പ്രതിധേഷത്തില്‍ മുതിര്‍ന്ന പാര്‍ട്ടി അംഗം ബികാസ് ഭട്ടാചാര്യ പങ്കെടുത്തതിനെ പാര്‍ട്ടി വിമര്‍ശിച്ചിരുന്നു.

പരസ്യമായി ബീഫ് കഴിച്ചതിലൂടെ ചില സമുദായങ്ങളുടെ വികാരങ്ങളെ വൃണപ്പെടുത്തുന്ന നീക്കമാണ് മുന്‍ കൊല്‍ക്കത്ത മേയര്‍ കൂടിയായിരുന്ന ബികാസ് ഭട്ടാചാര്യ നടത്തിയത് എന്ന് പാര്‍ട്ടി നിരീക്ഷിച്ചിരുന്നു.