കോട്ടയം: പായിപ്പാട് വാടക വീട്ടില്‍ ദൂരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച സംഭവത്തില്‍, ഏഴുവിവാഹം ചെയ്ത അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. പശ്ചിമ ബംഗാള്‍ മാല്‍ഡ സ്വദേശിയായ റുഹൂലി(45) നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നാട്ടുകാരിയായ തസ്ലീമ(22) യെയാണ് ഇന്നലെ രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയിലായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാള്‍ ബംഗാളിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് പൊലീസ് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ വച്ച് കസ്റ്റഡിയിലെടുത്തത്. പ്രതി കുറ്റം സമ്മതിച്ചതായാണ് സൂചന.


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ- യുവതിക്ക് പനിയാണെന്നും താന്‍ മരുന്നു വാങ്ങാന്‍ പോകുകയാണെന്നും യുവതിയെ ശ്രദ്ധിക്കണമെന്നും റുഹൂല്‍ ഫോണിലൂടെ സുഹൃത്തുക്കളെ വിളിച്ചറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് വീട്ടില്‍ തിരികെ എത്തിയ സുഹൃത്തുക്കള്‍ കതകില്‍ തട്ടിവിളിച്ചിട്ടും തുറക്കാതിരുന്നതിനെ തുടര്‍ന്ന് സംശയം തോന്നി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചങ്ങനാശ്ശേരി ഡിവൈഎസ്പി ആര്‍ ശ്രീകുമാറും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 മൂന്നുമാസം മുന്‍പാണ് ഇരുവരും പായിപ്പാടെ വീട്ടിലെത്തിയത്. ഇവര്‍ക്കൊപ്പം ആറ് അന്യസംസ്ഥാന തൊഴിലാളികളും താമസിച്ചിരുന്നു. തസ്ലീമയും റുഹൂലും തമ്മില്‍ ദിവസങ്ങളായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. റുഹൂലിന്റെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. ഇന്‍ക്വസ്റ്റ് ശേഷം യുവതിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.