ബെംഗലുരു: ഓണ്‍ലൈന്‍ ടാക്സിയില്‍ ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ആരോപണം. ബെംഗലുരുവിലെ റിങ് റോഡില്‍ നിന്ന് ഓണ്‍ലൈന്‍ ടാക്സിയായ ഒല യില്‍ കയറിയ യുവതിയാണ് ദുരനുഭവം നേരിട്ടത്. കാറിലെ ചൈല്‍ഡ് ലോക്ക് സംവിധാനം ഉപയോഗിച്ച് യുവതിയ്ക്ക് കാറിന് പുറത്തിറങ്ങാന്‍ സാധിക്കാത്ത രീതിയില്‍ കുടുക്കുകയായിരുന്നു ഡ്രൈവര്‍. മൊബൈല്‍ ഫോണിലെ ബാറ്ററി തീര്‍ന്നതിനാല്‍ ആരെയെങ്കിലും സഹായത്തിന് വിളിക്കാനോ ഓണ്‍ലൈന്‍ ടാക്സിയിലെ എമര്‍ജന്‍സി നമ്പറുമായി ബന്ധപ്പെടാനോ സാധിച്ചില്ല.
ഞായറാഴ്ച രാത്രി 10.30തോടെയാണ് സംഭവം. ഫാഷന്‍ സ്റ്റൈലിസ്റ്റായ യുവതി വീട്ടിലേയ്ക്കുള്ള യാത്രയിലായിരുന്നു. സ്ഥിരം റോഡില്‍ നിന്ന് വേറിട്ട വഴികളിലൂടെ സഞ്ചരിച്ച കാറില്‍ യുവതിയെ കയറി പിടിക്കാനുള്ള ശ്രമം ഉണ്ടായെന്ന് യുവതി ആരോപിക്കുന്നു. വണ്ടിയുടെ ജനല്‍ തകര്‍ക്കാന്‍ യുവതി ശ്രമിച്ചതോടെ ഇയാള്‍ കാറ്‍ നിര്‍ത്തുകയായിരുന്നു. പുറത്തിറക്കിയില്ലെങ്കില്‍ കാറിന് തകരാര്‍ ഉണ്ടാക്കുമെന്ന് യുവതി വീണ്ടും ആവര്‍ത്തിച്ചതോടെ ഇവരെ വഴിയിലിറക്കി പോവുകയായിരുന്നു. പിന്നീട് യുവതിയെ ഭീഷണിപ്പെടുത്താന്‍ കാര്‍ ഡ്രൈവര്‍ ശ്രമിച്ചെന്നും യുവതി ആരോപിക്കുന്നു.
യുവതി നേരെയുണ്ടായ ദുരനുഭവത്തില്‍ ഒല ഖേദം പ്രകടിപ്പിച്ചു. പരാതി ലഭിച്ച ഉടന്‍ തന്നെ ഡ്രൈവറെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തെന്നും ഒല അധികൃതര്‍ വ്യക്തമാക്കി. യുവതിയോട് ക്രിമിനല്‍ നടപടികളുമായി മുന്നോട്ട് പോകണമെന്ന് കമ്പനിയുടെ ഭാഗത്ത് നിന്ന് പൂര്‍ണ സഹകരണം ഉണ്ടാവുമെന്നും ഒല വിശദമാക്കി.
