ബംഗളുരു: മാട്രിമോണിയല്‍ വെബ്‌സൈറ്റുകളില്‍ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് യുവാവ് ലൈംഗികമായി ചൂഷണം ചെയ്തത് നൂറോളം യുവതികളെ. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനെന്ന വ്യാജേന പ്രൊഫൈല്‍ സൃഷ്ടിച്ചാണ് സാദത്ത് ഖാന്‍ എന്ന പ്രീതം കുമാര്‍ തട്ടിപ്പ് നടത്തിയത്. വിവാഹമോചിതരും വിധവമാരുമായ സ്ത്രീകളെയാണ് സാദത് ഖാന്‍ ലക്ഷ്യമിട്ടിരുന്നത്.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിവാഹമോചിതരെയും വിധവമാരെയും ബന്ധപ്പെടുന്ന സാദത്ത് ഖാന്‍ പിന്നീട് അവരെ ലൈംഗിക ചൂഷണം ചെയ്യുകയും പണവുമായി മുങ്ങുകയുമായിരുന്നു ചെയ്തിരുന്നത്. സ്വകാര്യ കോളജിലെ പ്രൊഫസര്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പുകാരന്‍ കുടുങ്ങിയത്. തന്റെ കയ്യില്‍ നിന്നും 58 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രൊഫസര്‍ പരാതി നല്‍കിയത്.
പ്രതി, തന്നെ ലൈംഗികമായി ചൂഷണം ചെയ്തതാും പ്രൊഫസര്‍ പരാതി നല്‍കി. ഒരാളില്‍ നിന്നും തട്ടിയെടുക്കുന്ന പണം ഉപയോഗിച്ചാണ് ഇയാള്‍ തന്റെ അടുത്ത ഇരയെ കുടുക്കിയിരുന്നത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് വാടകയ്ക്ക് കാറും അപ്പാര്‍ട്ടുമെന്റും എടുത്തായിരുന്നു തട്ടിപ്പ്.
തട്ടിപ്പിലൂടെ സമ്പാദിക്കുന്ന പണം ഉപയോഗിച്ച് ഇരകളായ സ്ത്രീകളെ ആഡംബര റെസ്‌റ്റോറന്റുകളില്‍ കൊണ്ടു പോകുകയും വിലകൂടിയ വസ്തുക്കള്‍ സമ്മാനമായി നല്‍കുകയും ചെയ്യും. ഇതിലൂടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷം അപ്പാര്‍ട്ട്‌മെന്റില്‍ കൊണ്ടു പോയി ലൈംഗികമായി ചൂഷണം ചെയ്യും. ഇതിന് ശേഷം ഇയാള്‍ അടുത്ത ഇരയെ പിടിക്കും. കുടുംബവുമായി തെറ്റിയ ഇയാള്‍ 2011 മുതല്‍ ബംഗളുരുവിലാണ്.
