ബംഗളുരു: കാവേരി നദീ ജലം തമിഴ്‌നാടുമായി പങ്കിടുന്നതിനെതിരെയുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് ശേഷം ബംഗളുരു സാധാരണ നിലയിലേക്ക് തിരിച്ചെത്തി.. പതിനാറ് സ്ഥലങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യു പിന്‍വലിച്ചു. അക്രമങ്ങള്‍ക്ക് കാരണം സാമൂഹ്യ വിരുദ്ധരാണന്ന് കന്നട രക്ഷ വേദികെ നേതാവ് വാട്ടാള്‍ നാഗരാജ് പറഞ്ഞു.

സ്ഥിതി ശാന്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പൊലീസ് വെടിവെപ്പുണ്ടായ രാജഗോപാല്‍ നഗര്‍ ഉള്‍പ്പെടെയുള്ള പതിനാറ് സ്ഥലങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യു പിന്‍വലിച്ചു. അതേ സമയം നിരോധനാജ്ഞ തുടരും. ബംഗളുരുവില്‍ ഇന്ന് ബിഎംടിസി ബസുകള്‍ ഓടിത്തുടങ്ങി.. ഐടി സ്ഥാപനങ്ങളും ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്.. സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് തുറന്നു.

അതേ സമയം ബംഗളുരു മൈസൂര്‍ ദേശീയ പാതയില്‍ തുറന്ന ചില കടകള്‍ അടപ്പിക്കാന്‍ ഒരു സംഘം ആളുകള്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. തമിഴ്‌നാടുകാര്‍ കൂടുതല്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാണ്. അക്രമമുണ്ടായ സ്ഥലങ്ങള്‍ ആഭ്യന്തരമന്ത്രി പരമേശ്വര സന്ദര്‍ശിച്ചു.

കേരള ആര്‍ടിസി ബസുകള്‍ ഇന്ന് ബംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് സര്‍വ്വീസ് നടത്തുന്നില്ല. മൈസൂര്‍ ബാങ്ക് സര്‍ക്കിളില്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ച വിവിധ കന്നട സംഘടന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

കഴിഞ്ഞ ദിവസമുണ്ടായ അക്രമങ്ങള്‍ക്ക് പിന്നില്‍ കന്നട സംഘടനകളല്ലെന്നും സാമൂഹ്യ വിരുദ്ധരാണെന്നും പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കന്നട രക്ഷ വേദികെ നേതാവ് വാട്ടാള്‍ നാഗരാജ് പറഞ്ഞു..