ഏറ്റവും മികച്ച പ്രതിരോധമെന്ന് ലോകകപ്പിന് മുമ്പ് വാഴ്ത്തപ്പെട്ടത് സ്പെയിന്‍ ഡിഫന്‍സായിരുന്നു
മോസ്കോ: എന്തൊക്കെ ബഹളമായിരുന്നു... സെര്ജിയോ റാമോസ്, നിക്കോളാസ് ഓട്ടമെന്ഡി, തിയാഗോ സില്വ, മാറ്റ് ഹമ്മല്സ്... പ്രതിരോധത്തിന്റെ സകല പാഠങ്ങളും പഠിച്ച് റഷ്യയില് പട നയിക്കാന് എത്തിയവരൊക്കെ ഇപ്പോള് തല കുമ്പിട്ടിരിക്കുകയാണ്. 32 ടീമുകള് പങ്കെടുക്കുന്ന ടൂര്ണമെന്റിന്റെ ഗ്രൂപ്പ് മത്സരങ്ങള് പൂര്ത്തിയായപ്പോള് ഒരു ഗോള് പോലും വഴങ്ങാതെ തലയുയര്ത്തി നില്ക്കാന് ഒരു രാജ്യത്തിന് മാത്രമേ സാധിച്ചുള്ളൂ.
വലിയ പേരുകള് ഒന്നും പറയാനില്ലെങ്കിലും നായകന് ഗോഡിന്റെ മികവില് യഥാര്ഥ പ്രതിരോധം കാഴ്ചവെച്ച് ഉറുഗ്വെ ഇതോടെ മറ്റു ടീമുകളെ എല്ലാം പിന്നിലാക്കിയിരിക്കുന്നു. ക്ലബ് മത്സരങ്ങളില് ഗോളടിയില് റെക്കോര്ഡ് ഇട്ട് വന്ന മുഹമ്മദ് സലായുടെ ഈജിപ്തും ആതിഥേയരായ റഷ്യയും ഏഷ്യന് ശക്തികളായ സൗദി അറേബ്യയും അണിനിരന്ന ഗ്രൂപ്പിലാണ് സ്വപ്ന സമാനമായ നേട്ടം സ്വന്തമാക്കി ഉറുഗ്വെ നിവര്ന്ന് നില്ക്കുന്നത്.
ആദ്യ മത്സരത്തില് ആഫ്രിക്കന് വീര്യവുമായെത്തിയ ഈജിപ്തിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്പ്പിച്ചാണ് ലാറ്റിനമേരിക്കന് പോരാളികള് ലോകകപ്പിന് തുടക്കമിട്ടത്. അതേ സ്കോറിന് സൗദിയെയും വീഴ്ത്തി പ്രീക്വാര്ട്ടറില് കടന്ന ഉറുഗ്വെ മൂന്നാം മത്സരത്തില് നേരിട്ടത് റഷ്യയെ. അവിടെ മൂന്ന് ഗോളുകള് ആതിഥേയ രാജ്യത്തിന്റെ നെഞ്ചത്ത് അടിച്ചുകൂട്ടി സുവാരസും കൂട്ടരും ശക്തി തെളിയിച്ചു.
ആകെ ഏഴു ഷോട്ടുകളാണ് ഉറുഗ്വെയുടെ ഗോള്കീപ്പര് ഫെണാണ്ടോ മുസ്ലേരയ്ക്ക് നേരേ വന്നത്. അതെല്ലാം തട്ടിത്തെറിപ്പിക്കാന് താരത്തിന് സാധിച്ചു. റഷ്യന് ലോകകപ്പില് ഏറ്റവും കൂടുതല് സേവുകള് നടത്തിയത് മെക്സിക്കന് ഗോള്കീപ്പര് ഗുല്ലെറിമോ ഒച്ചാവോയാണ്. അതിന്റെ അര്ഥം ഉറുഗ്വെയന് പ്രതിരോധനിരയെ കടന്ന് ആര്ക്കും കുതിച്ചു കയറാന് സാധിച്ചില്ലെന്നുള്ളതാണ്.
നായകന് ഡീഗോ ഗോഡിനും ഹോസെ ഗ്വിമിനസും അണിനിരക്കുന്ന പ്രതിരോധക്കോട്ട സുശക്തമാണ്. ഫ്രാന്സ്, ക്രൊയേഷ്യ എന്നീ ടീമുകളുടെയും പ്രതിരോധം കരുത്തുറ്റതാണ്. ഒന്നും വീതം പെനാല്റ്റി ഗോളുകളാണ് അവര് വഴങ്ങിയിരിക്കുന്നത്. പ്രീക്വാര്ട്ടറില് ഉറുഗ്വെയുടെ എതിരാളി പോര്ച്ചുഗലാണ്. ഇതോടെ ക്രിസ്റ്റ്യാനോ റൊണാള്ഡോയ്ക്ക് പൂട്ട് പൊട്ടിക്കാന് ഏറെ കഷ്ടപെടേണ്ടി വരുമെന്നുറപ്പ്.
