ക്രൊയേഷ്യയുടെയും ഇംഗ്ലണ്ടിന്‍റെയും ഒരു താരത്തിനും ടീമില്‍ ഇടം പിടിക്കാനായില്ല
മോസ്കോ: ലോകകപ്പിലെ പ്രീ ക്വാര്ട്ടര് മത്സരങ്ങൾ അവസാനിച്ചതോടെ ഫുട്ബോൾ വെബ്സൈറ്റായ ഗോൾ, സ്വപ്ന ഇലവനെ പ്രഖ്യാപിച്ചു. ബ്രസീല് സൂപ്പര് താരം നെയ്മര് ഉൾപ്പെട്ട ടീമില് ഇഗോര് അക്കിന്ഫീവാണ് ഗോളി. എട്ട് പ്രീ ക്വാര്ട്ടര് മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഗോൾ ടീമിനെ തെരഞ്ഞെടുത്തത്. പ്രാതിനിധ്യം കൊണ്ട് മുന്നില് നില്ക്കുന്നത് ഉറുഗ്വെയാണ്.
മുന്നേറ്റത്തില് എഡിസന് കവാനിയും പ്രതിരോധത്തില് ഡീഗോ ഗോഡിനും ഡീഗോ ലക്സാൾട്ടും ഉറുഗ്വെ നിരയില് നിന്ന് ഇടം പിടിച്ചു. ഗോൾ വല കാക്കാനുള്ള ചുമതല റഷ്യയുടെ ഇഗോര് അക്കിന്ഫീവിനാണ്. സ്പെയിനിനെതിരായ തകര്പ്പന് പ്രകടനമാണ് റഷ്യന് ഗോള്കീപ്പറിന് തുണയായത്. റഷ്യയുടെ മരിയോ ഫെര്ണാണ്ടസും, സ്വീഡന്റെ വിക്ടോര് ലിന്റലോഫും കൂടി ചേരുന്നതാണ് നാലംഗ പ്രതിരോധ നിര.
മധ്യ നിരയില് മൂന്ന് പേരാണ് ഇടം പിടിച്ചത്. ഫ്രാന്സിന്റെ പോൾ പോഗ്ബയും ബെല്ജിയത്തിന്റെ മരൗനി ഫെല്ലൈനിയും ജപ്പാന്റെ തകാഷി ഇന്സുയിയും. പ്രീ ക്വാര്ട്ടറില് പുറത്തായ ടീമില് നിന്ന് സ്വപ്ന ഇലവനില് ഇടം പിടിച്ച ഏക താരവും ഇന്സുയിയാണ്.
വേഗത കൊണ്ട് എതിരാളികളെ പോലും വിസ്മയിപ്പിച്ച യുവതാരം കൈലിയന് എംബാപ്പെയാണ് മുന്നേറ്റത്തില് കവാനിയുടെ ഒരു പങ്കാളി. മെക്സികോയ്ക്കെതിരെ ഗോളടിച്ചും അടിപ്പിച്ചും നിര്ണ്ണായകമായ നെയ്മര് കൂടി ചേരുമ്പോള് സ്വപ്ന ടീം പൂര്ണമാകും. ക്വാര്ട്ടറിലെത്തിയ എട്ട് ടീമുകളില് ക്രൊയേഷ്യ, ഇംഗ്ലണ്ട് ടീമുകളില് നിന്ന് ആരും ടീമിലെത്തിയില്ല.
