പ്രളയക്കെടുതിയിലും രക്ഷാപ്രവര്‍ത്തനങ്ങളിലും ആശ്വാസകരമാവുന്നതാണ് നിലവിലെ കാലാവസ്ഥ. എങ്കിലും ചിലയിടങ്ങളില്‍ പ്രതീക്ഷിക്കാതെ മഴ പെയ്യുന്നതും കാറ്റ് വീശുന്നതും ആശങ്കകള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നില്ല.
തിരുവനന്തപുരം: കുറച്ച് ദിവസങ്ങളായുള്ള നിലയ്ക്കാത്ത കാറ്റിനും മഴയ്ക്കും ശേഷം ഇന്ന് സംസ്ഥാനത്ത് മഴ കുറവാണെന്നും തെളിഞ്ഞ കാലാവസ്ഥയാണെന്നും ജനങ്ങള്‍. ഏഷ്യാനെറ്റ് ഓണ്‍ലൈനിന്‍റെ ഫേസ്ബുക്ക് പേജിലാണ് സംസ്ഥാനത്തെ നിരവധിയാളുകള്‍ സ്വന്തം നാട്ടിലെ കാലാവസ്ഥയെക്കുറിച്ച് പറഞ്ഞത്. രണ്ട് മൂന്നു മണിക്കൂറിനുള്ളിലെ വിവരങ്ങളാണ്. പ്രളയക്കെടുതിയിലും രക്ഷാപ്രവര്‍ത്തനങ്ങളിലും ആശ്വാസകരമാവുന്നതാണ് നിലവിലെ കാലാവസ്ഥ. എങ്കിലും ചിലയിടങ്ങളില്‍ പ്രതീക്ഷിക്കാതെ മഴ പെയ്യുന്നതും കാറ്റ് വീശുന്നതും ആശങ്കകള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നില്ല.
എറണാകുളം നഗരഭാഗത്ത് മഴ കുറഞ്ഞുവെന്നും ഇടക്കൊക്കൊ സൂര്യൻ വന്ന് എത്തി നോക്കിയിട്ട് പോകുന്നുണ്ടെന്നുമാണ് അറിയുന്നത്. വെണ്ണല ഭാഗത്തു താഴ്ന്ന പ്രദേശങ്ങളെ ഇടപ്പള്ളി തോടിൽ നിന്നും ഉയർന്ന വെള്ളം വിഴുങ്ങിയിട്ടുണ്ട്. തന്‍റെ വീടിനുള്ളിൽ മുട്ടോളം വെള്ളം ഉണ്ട്. പക്ഷെ, ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പിൽ സുഖമായിരിക്കുന്നു എന്ന് ഒരാളെഴുതിയിരിക്കുന്നു. കൊച്ചിയിലും മഴ കുറഞ്ഞിരിക്കുകയാണ്. തൃപ്പൂണിത്തുറയിൽ മഴ കുറഞ്ഞു. രാവിലെതൊട്ട് തെളിഞ്ഞ അന്തരീക്ഷമാണ്. ഇപ്പോൾ കൂവപ്പടി പഞ്ചായത്തില്‍ മഴ രാവിലെ മുതൽ കുറഞ്ഞു നിൽക്കുന്നുവെന്ന് പഞ്ചായത്തിലുള്ളവര്‍ പറയുന്നു. ഏറ്റുമാനൂർ, കുറവിലങ്ങാട്, മോനിപ്പള്ളി- കൂത്താട്ടുകുളം മേഖലകൾ പൊതുവിൽ സുരക്ഷിതം.
കോഴിക്കോട് ഇന്ന് തെളിഞ്ഞ കാലാവസ്ഥയാണ്. പലയിടത്തും വെള്ളമിറങ്ങിത്തുടങ്ങി. കോഴിക്കോട് പുതിയ സ്റ്റാൻഡിൽ വെള്ളം ഇറങ്ങി ഗതാഗത യോഗ്യമായി.
കോഴിക്കോട് - കുറ്റിയാടി റൂട്ടിൽ ബസ് ഉണ്ട്. താമരശ്ശേരി റൂട്ടിൽ ksrtc ഓടുന്നുണ്ട് എന്ന് നാട്ടുകാര്‍ എഴുതുന്നു. എന്നാല്‍, പാലക്കാട് - തൃശൂർ ഭാഗത്തേക്ക് ആരും പോകാൻ ശ്രമിക്കരുത്. ബസ് ഇല്ല. ബസ് ഓടുന്നുണ്ട് എന്ന് വിവരം കിട്ടി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് പോയവർ ഒക്കെ രാമനാട്ടുകര കുടുങ്ങിയിരിക്കുകയാണ് എന്നാണ് അറിയാനാവുന്നത്. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, ഓമശ്ശേരി, കൊടുവള്ളി എന്നിവിടങ്ങളിൽ പൂർവസ്ഥിതിയിലായിരിക്കുന്നുവെന്നുമാണ് അറിയുന്നത്.
ഷൊര്‍ണൂര്‍ ഭാഗത്ത് മഴ കുറഞ്ഞു. പക്ഷെ, ഇടയ്ക്ക് പെയ്യുന്നു. നിള കര കവിഞ്ഞ് ഒഴുകുന്നു. പുഴയിൽ ഒന്നര മീറ്ററോളം വെള്ളം ഇറങ്ങി. വീണ്ടും മഴപെയ്താൽ പുഴയിൽ വെള്ളം കയറിയാൽ ഒറ്റപ്പാലം മുതൽ ഷൊർണൂർ വരെ ഉള്ള പുഴവക്കിലെ പ്രദേശങ്ങൾ വെള്ളത്തിൽ ആവും എന്ന ഭയത്തോടെ ജീവിക്കുകയാണ് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
പത്തനംതിട്ടയില്‍ എല്ലാ പ്രദേശങ്ങളിലും മഴ കുറയുന്നുണ്ട്. പക്ഷെ, ജലനിരപ്പ് കുറയുന്നില്ലെന്നാണ് അറിയുന്നത്. മൂന്നുദിവസത്തെ പെരുമഴയ്ക്കു ശേഷം പത്തനംതിട്ടയില്‍ ഇന്ന് മഴയൊന്നു തോര്‍ന്നിട്ടുണ്ടാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കോന്നിയിൽ മഴ കുറവുണ്ട്.
മലപ്പുറം ജില്ലയില്‍ സ്വതവേ തെളിഞ്ഞ കാലാവസ്ഥയിലാണ്. എടക്കര മഴ കുറഞ്ഞു. മലപ്പുറം താനൂർ പുലർച്ചെ തൊട്ട് മഴയില്ല തെളിഞ്ഞ കാലാവസ്ഥയാണ്. കാര്യമായി ഇവിടെ ഒരു പ്രശ്നവുമില്ല. താനൂര്‍, തിരൂര്‍, കോട്ടക്കൽ എന്നിവിടങ്ങളില്‍ ഉച്ചവരെ മഴയില്ല. പക്ഷെ, ഗുരുതര ചുറ്റുപാടിൽ വീട് വിട്ടുപോകാതെ അനേകം പേര്‍ കുര്യാട് കക്കാട് പാലത്തിനടിയിൽ ഇപ്പോഴും വെള്ളത്തിൽ വീടുമായി കഴിയുന്നുണ്ട്. ഇവരോട് ഒഴിഞ്ഞു പോവാൻ പറയണമെന്ന് ഒരാള്‍ അഭ്യര്‍ത്ഥിക്കുന്നു.
പെരിന്തൽമണ്ണ മഴ കുറവുണ്ട് ഇടക്ക് വെയിൽ ഉണ്ടായിരുന്നു അതിനു ശേഷം ഒരു മണിക്ക് ചെറുതായി ഒന്നു മഴ പെയ്തു. മലപ്പുറം - പാലക്കാട് ബോര്‍ഡറില്‍ ആഞ്ഞിലങ്ങാടി-എടത്തനാട്ടുകര ഭാഗത്ത് രാവിലെ മഴ കുറവുണ്ടെങ്കിലും ഇപ്പോൾ ശക്തമായ കാറ്റിനൊപ്പം മഴ പെയ്യുന്നുണ്ടെന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കുള്ള വിവരം. പാലക്കാട് ടൌണില്‍ വെയിൽ അടിക്കുന്നുണ്ട്. 11 മണിക്ക് ശേഷം മഴയില്ല. പാലക്കാട് മുതലമട പഞ്ചായത്ത് പരിസരത്ത് മഴ കുറവുണ്ട്
തൃശൂർ, കൈപ്പമംഗലം പ്രദേശത്ത് ഇന്ന് കാലത്തുമുതൽ മഴ പെയ്തിട്ടില്ല. ഇപ്പോൾ സൂര്യൻ ഉദിച്ചു നിക്കുന്നു. തൃശൂർ മഴ കുറഞ്ഞു തെളിഞ്ഞ കാലാവസ്ഥ. ചെറിയ മഴ മേഘങ്ങൾ ഉണ്ട്. ദേശീയ പാത അമ്പല്ലുർ വെള്ളക്കെട്ട് ഉണ്ട്. പാലക്കാട്, തൃശൂർ ചിലയിടത്തും ഇന്നലെ രാത്രി മുതൽ മഴയില്ല. ഗുരുവായൂർ,ചാവക്കാട്,കുന്നംകുളം വടക്കാഞ്ചേരി വരെ മഴയില്ല,വെയിൽ കാണുന്നു.വെള്ളക്കെട്ട് നന്നായി ഇറങ്ങിതുടങ്ങി. പെയ്യുന്നുണ്ടെങ്കിലും ശക്തി കുറവാണ്. വെയിലുമുണ്ട് എന്നറിയുന്നു. തൃശൂര്‍ ഇരിങ്ങാലക്കുട മഴ കുറഞ്ഞു. പുഴയിൽ വെള്ളം കൂടുതലാണ്. കരുവന്നൂർ പുഴ കര കവിഞ്ഞു ഒഴുകുന്നു.
കോട്ടയം, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി ഭാഗങ്ങളില്‍ മഴ കുറഞ്ഞു. കേച്ചേരി കുന്നംകുളം മേഖല മഴ കുറഞ്ഞു. മാനം തെളിയുന്ന അവസ്ഥയാണ്. തൊടുപുഴ, വണ്ണപ്പുറം , മൂവാറ്റു പുഴ മേഖലകളിൽ മഴ കുറഞ്ഞു. 12 കഴിഞ്ഞപ്പോൾ ചെറിയ മഴ പെയ്തുവെന്നും അറിയുന്നു. തൊടുപുഴ വണ്ണപ്പുറം കളിയാർ മേഖലയിൽ ഇന്നലത്തെ അപേക്ഷിച്ചു മഴ കുറഞ്ഞു. ഇടക്കിടക്ക് മഴ ഉണ്ടെങ്കിലും ശക്തിയായ മഴ ഇല്ല. തെളിഞ്ഞ് കാണുന്നുണ്ട്. ഇത് കോട്ടയത്ത് വടവാതൂർ എന്ന സ്ഥലത്ത് ഇപ്പോള്‍ മഴയില്ലെന്ന് പ്രദേശവാസി പറയുന്നു.
ചെറുതോണി ഒട്ടപെട്ടാണ് കിടക്കുന്നത്. ഫോൺ വിളിക്കുന്നതിന് ചില സാങ്കേതികതടസങ്ങൾ ഉണ്ട്. ചില സ്ടലങ്ങളിൽ ദിവസങ്ങളായി കറന്‍റ് പോയിട്ടെന്നാണ് വിവരം ലഭിക്കുന്നത്. ഹരിപ്പാട്, മുട്ടം രാവിലെ മഴയായിരുന്നുവെങ്കിലും ഇപ്പോള്‍ തോര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ പൂര്‍ണമായും തെളിഞ്ഞില്ല. മങ്ങിയ കാലാവസ്ഥയാണ്.
കൊല്ലം മഴ കുറഞ്ഞു. മാവേലിക്കരയിൽ ഇടക്ക് മഴ ഉണ്ട് . കാര്യമായ പ്രശ്നം ഇല്ല
തലസ്ഥാനത്ത് കാലാവസ്ഥ മാറി വരുന്നു. രാവിലെ തെളിഞ്ഞ കാലാവസ്ഥയായിരുന്നെങ്കിലും ഉച്ചയ്ക്ക് ശേഷം മഴയും കാറ്റുമുണ്ട്. ടെക്നോ പാര്‍ക്ക് ,കഴക്കൂട്ടം ഭാഗത്ത് കാർമേഘങ്ങൾ മൂടി നിൽകുന്നുവെന്ന് ഇവിടെയുള്ളവര്‍ പറയുന്നു. കൂടാതെ നഗരത്തില്‍ പലയിടത്തും മഴ പെയ്യുന്നുണ്ട്.
ഇടുക്കി, വയനാട് ജില്ലകളില്‍ പൂര്‍ണമായും മഴ മാറിയില്ലെങ്കിലും മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു.
