കോട്ടയം: എസ്.എസ്.എല്‍.സി പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്ന കുട്ടിയെയും കുടുംബത്തെയും വാടകവീട്ടില്‍ നിന്നിറക്കി വിട്ട് ബെവറേജ്സ് ഔട്ടലെറ്റ് തുറന്നു. കോട്ടയം കുറുവിലങ്ങാടാണ് സംഭവം. ജനവാസ കേന്ദ്രത്തില്‍ മദ്യശാല തുറന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവും തുടങ്ങിയിട്ടുണ്ട്. പഞ്ചായത്തിന്റെ അനുമതി വാങ്ങണമെന്ന ഹൈക്കോടതി വിധി ലംഘിച്ചാണ് മദ്യശാല മാറ്റിയതെന്ന് കുറുവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
സുധീര്‍-സോഫി ദമ്പതികളും മകന്‍ അജലും വാടകയ്‌ക്ക് താമസിച്ചിരുന്ന കുറുവിലങ്ങാട് പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന വരിക്കാനായിലെ വാടക കെട്ടിടത്തിലേയ്‌ക്ക് പൊടുന്നനെയാണ് മദ്യക്കുപ്പികള്‍ എത്തിയത്. വൈകീട്ട് നാലു മണിയോടെ മദ്യവില്‍പനശാലയും തുറന്നു. ഇതോടെ എസ്.എസ്.എല്‍.സി പരീക്ഷയ്‌ക്കായി പഠിച്ചു കൊണ്ടിരുന്നു അജലും കുടുംബവും പൊടുന്നനെ ഇവിടെ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടു. വീട്ടു സാധനങ്ങള്‍ പോലും എടുക്കാന്‍ അനുവദിക്കാതെ മദ്യവില്‍പനശാല തുറന്നുവെന്നാണ് ആരോപണം. ഈ കെട്ടിടത്തില്‍ ഒരു കുടുംബം താമസിക്കുന്നുണ്ടായിരുന്നുവെന്നും എന്നാല്‍ എസ്.എസ്.എല്‍.സിക്ക് പഠിക്കുന്ന കുട്ടിയുണ്ടായിരുന്നുതായി അറിയില്ലെന്നുമാണ് പൊലീസിന്റെ പ്രതികരണം.
ജനവാസ കേന്ദ്രത്തിലേയ്‌ക്കാണ് മദ്യശാല മാറ്റിയതില്‍ നാട്ടുകാര്‍ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. കെട്ടിടത്തിന് വാണിജ്യ പദവി നല്‍കണമെന്നാവശ്യപ്പെട്ട് ഉടമ പഞ്ചായത്തിനെ സമീപിച്ചിരുന്നുവെന്ന് പ്രസിഡന്റ് പറഞ്ഞു .ഇതിന് പഞ്ചായത്ത് അനുമതിയും നല്‍കി. എന്നാല്‍ മദ്യശാല തുറക്കുന്നതിന് അനുമതി തേടിയിരുന്നില്ല. പഞ്ചായത്ത് അനുമതിയോടെയേ മദ്യശാല തുറക്കാവൂയെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.
