കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ഫലപ്രദമായി തടയാന്‍ വനിത ശിശു വകുപ്പിന്റെ 'ഭദ്രം പദ്ധതി'യ്ക്ക് ഭരണാനുമതി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, സ്‌കൂളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് കുട്ടികളുടെ അവകാശങ്ങളെപ്പറ്റിയും പോക്‌സോ ആക്ടിനെപ്പറ്റിയും അവബോധം നല്‍കുന്നതാണ് ഭദ്രം പദ്ധതി. 

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ഫലപ്രദമായി തടയാന്‍ വനിത ശിശു വകുപ്പിന്റെ 'ഭദ്രം പദ്ധതി'യ്ക്ക് ഭരണാനുമതി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, സ്‌കൂളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് കുട്ടികളുടെ അവകാശങ്ങളെപ്പറ്റിയും പോക്‌സോ ആക്ടിനെപ്പറ്റിയും അവബോധം നല്‍കുന്നതാണ് ഭദ്രം പദ്ധതി. ഈ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി 72.80 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി.

കുട്ടികള്‍ക്കെതിരെയുള്ള വിവിധ അതിക്രമങ്ങള്‍ തടയാനായി 2012 ലെ പോക്‌സോ ആക്ട്, 2015 ലെ ജുവനല്‍ ജസ്റ്റിസ് ( കെയര്‍ & പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ) ആക്ട് എന്നിവയുണ്ടെങ്കിലും കുട്ടികള്‍ക്കെതിരെയുള്ള ചൂഷണം ദൈനംദിനം വര്‍ധിച്ചു വരികയാണ്. ഈയൊരവസ്ഥയിലാണ് ഭദ്രം പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് രൂപം നല്‍കിയത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ, സി ബി എസ് ഇ, ഐ സി എസ് സി, സ്‌കൂളുകളിലെയും കുട്ടികളുടെ ഇടയില്‍ പോസ്‌കോ നിയമത്തിന്റെ എല്ലാ വശങ്ങളേക്കുറിച്ചും ബാലാവകാശങ്ങളെ സംബന്ധിച്ചും ഈ പദ്ധതി പ്രകാരം ബോധവല്‍ക്കരണം നടത്തും. 

വിദ്യാഭ്യാസ വകുപ്പിന്റെയും വിവിധ സ്‌ക്കൂള്‍ മാനേജ്‌മെന്റുകളുടെയും സഹകരണത്തോടെ സ്‌കൂള്‍ കുട്ടികള്‍ക്ക് ജെ ജെ ആക്ട്, പോക്‌സോ ആക്ട് എന്നിവ സംബന്ധിച്ച അവബോധം സൃഷ്ടിക്കുക, കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളുടെ കൈപ്പുസ്തകം തയ്യാറാക്കി വിതരണം ചെയ്യുക, വിവിധതരം ചൂഷണങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികള്‍ സ്വീകരിക്കേണ്ട നിയമനടപടികളെക്കറിച്ച് അവബോധം സൃഷ്ടിക്കുക, ഇത്തരം കുട്ടികള്‍ക്ക് രക്ഷാകര്‍ത്താക്കളും അധ്യാപകരും നല്‍കേണ്ട സ്‌നേഹത്തിന്റെയും പരിഗണനയുടെയും ആവശ്യകത വ്യക്തമാക്കി നല്‍കുക, സംസ്ഥാനം കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിനും ഐ സി പി എസ് മുഖേന കുട്ടികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് അറിവ് നല്‍കുക, ലഹരിയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ജില്ലാ ചെല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ കീഴില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പദ്ധതി നടപ്പിലാക്കുന്നതാണ്. സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, കാവല്‍ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍മാര്‍, ശരണബാല്യം- റസ്‌ക്യൂ ഓഫിസേഴ്‌സ്, ചൈല്‍ഡ് ലൈന്‍ - കൗണ്‍സിലര്‍മാര്‍, ഡി സി പി യു സോഷ്യല്‍ വര്‍ക്കര്‍മാര്‍, ഡി സി പി ഒ തയ്യാറാക്കിയിരിക്കുന്ന സോഷ്യല്‍ വര്‍ക്കര്‍ പാനലിലെ സോഷ്യല്‍ വര്‍ക്കര്‍മാര്‍, ചൈല്‍ഡ് വെല്‍ഫയര്‍ പോലീസ് ഓഫീസര്‍, പാനല്‍ ഓഫ് അഡ്വക്കേറ്റ്‌സ് എന്‍ ജി ഒ പ്രതിനിധികള്‍, സി ഡി പി ഒ, അല്ലെങ്കില്‍ വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസേഴ്‌സ് എന്നിവര്‍ക്ക് പരിശീലനം നല്‍കിയാണ് ഈ പദ്ധതിയ്ക്കാവശ്യമായ റിസോഴ്‌സ് പാനല്‍ തയ്യാറാക്കുന്നത്.