കെജ്രിവാള്‍ മാപ്പ് പറഞ്ഞതില്‍ പ്രതിഷേധം ഭഗവത്ത് സിംഗ് മാന്‍ രാജി വച്ചു
ദില്ലി: ആംആദ്മി പാര്ട്ടിയില് ഭിന്നത രൂക്ഷമാകുന്നു. പ്രതിപക്ഷ നേതാക്കള്ക്കെതിരെയുള്ള പരാമര്ശങ്ങളില് അരവിന്ദ് കെജ്രിവാള് മാപ്പ് പറഞ്ഞതിന് എതിരെ പഞ്ചാബിലെ നിരവധി നേതാക്കള് രംഗത്തെത്തി. പ്രതിപക്ഷത്തിന് മുന്നില് കീഴടങ്ങിയെന്ന് ചൂണ്ടികാട്ടി പഞ്ചാബ് എഎപി അധ്യക്ഷന് ഭഗവന്ത് സിംഗ് മാൻ പാര്ട്ടിയില് നിന്ന് രാജി വച്ചു.
മാനനഷ്ടകേസുകള് ഒത്തുതീര്ക്കാനുള്ള അരവിന്ദ് കെജ്രിവാളിന്റെ നീക്കമാണ് ആംആദ്മിക്കുള്ളില് പ്രതിസന്ധിക്ക് വഴിവച്ചത്. മുന് പഞ്ചാബ് മന്ത്രി ബിക്രം സിങ്ങ് മജീതിയയ്ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണം തെറ്റാണെന്ന് ബോധ്യപ്പെട്ടെന്നായിരുന്നു കെജ്രിവാളിന്റെ പ്രസ്താവന.അമൃത്സറിലെ കോടതിയില് ബിക്രം സിങ്ങ് നല്കിയ മാനനഷ്ട കേസ് ഒത്തുതീര്പ്പാക്കാനാണ് ആരോപണം പിന്വലിച്ച് കെജ്രിവാൾ മാപ്പു പറഞ്ഞത്.
എന്നാൽ അഴിമതിക്കു മുന്നിൽ പാര്ട്ടി അടിയറവ് പറഞ്ഞെന്ന് കുറ്റപ്പെടുത്തി പഞ്ചാബ് അധ്യക്ഷന് ഭഗവന്ത് സിംഗ് മാന് പാര്ട്ടിയില് നിന്ന് രാജി വച്ചു. കെജ്രിവാളിന്റെ പ്രസ്താവന അംഗീകരിക്കാന് ആകാത്തതെന്ന് മുതിര്ന്ന നേതാവ് സുക്പാല് സിങ്ങ് കൈറ ട്വിറ്ററില് കുറിച്ചു. പ്രസ്താവന പിന്വലിച്ചില്ലെങ്കില് രാജി വയ്ക്കുമെന്ന് എഎപി നേതാവ് കന്വാര് സിന്ധുവും വ്യക്തമാക്കി.
ഹരിയാനയില് നിന്നുള്ള ബിജെപി നേതാവ് അവതാര് സിങ്ങ് അഴിമതിക്കാരനെന്ന പ്രസ്താവനയും കെജ്രിവാള് പിന്വലിച്ചു. ദില്ലി ക്രിക്കറ്റ് അസോസിയേഷന് അഴിമതിയില് അരുണ് ജയ്റ്റ്ലിക്കെതിരായ ആരോപണത്തിലും കെജ്രിവാള് മാപ്പ് പറഞ്ഞേക്കും എന്നാണ് വിവരം. ഇതിനെതിരെ ദില്ലിയിലെ എഎപി എംഎല്എമാര്ക്കിടയിലും പ്രതിഷേധം ശക്തമാണ്. എന്നാല് കേസുകള്ക്ക് പിന്നാലെ നടന്ന ജനസേവനത്തിനുള്ള സമയം നഷ്ടപ്പെടാത്തിരിക്കാനാണ് ഒത്തുതീര്പ്പെന്ന് പാര്ട്ടി വിശദീകരിക്കുന്നു. പഞ്ചാബിൽ ആം ആദ്മി പാർട്ടിയെ കെജ്രിവാൾ ഉൻമൂലനം ചെയ്തെന്ന് കുറ്റപ്പെടുത്തി പഞ്ചാബ് മന്ത്രി നവജോത് സിങ്ങ് സിദ്ദുവും രംഗത്തെത്തി.
