ബസ്സിൽ വച്ച് മരിച്ച ഭാര്യയുടെ മൃതദേഹവുമായി യുവാവിനെയും കൈക്കുഞ്ഞിനേയും ബസ്സ് ജീവനക്കാർ കാട്ടിൽ ഇറക്കിവിട്ടു.. മണിക്കൂറുകളോളം സഹായം കിട്ടാതെ മൃതദേഹവുമായി കുടുംബം വഴിയരികിൽ നിന്നു. സംഭവത്തിൽ ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.


വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മധ്യപ്രദേശ് ദാമോ സ്വദേശി രാം സിംഗ് ലോധിയുടെ ഭാര്യ മല്ലി ഭായ് ദിവസങ്ങൾക്ക് മുമ്പാണ് ഒരു കുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തോടെ ആരോഗ്യം തകരാറിലായ ഭാര്യയേയും കൊണ്ട് അടുത്തുള്ള ആശുപത്രിയിലേക്ക് പോകുകയായിരുന്നു രാം സിംഗ്. ബസ്സിൽ വച്ച് ഭാര്യയുടെ അസുഖം വർദ്ധിക്കുകയും അവർ മരണപ്പെടുകയും ചെയ്തു. ഭാര്യയുടെ മരണത്തിൽ ഞെട്ടിയ രാംസിംഗിനെ തളർത്തുന്നതായിരുന്നു ബസ് ജീവനക്കാരുടെ പെരുമാറ്റം. മൃതദേഹവുമായി യാത്രചെയ്യാൻ സാധിക്കില്ലെന്ന് അറിയിച്ച ബസ് ജീവനക്കാർ ദാമോയിലെ കൊടുംകാടിന് നടുവിൽ രാംസിംഗിനേയും കൈക്കുഞ്ഞിനേയും പ്രായമായ അമ്മയേയും ഇറക്കി വിട്ടു. ശക്തമായ മഴയിൽ അരമണിക്കൂറോളം ഭാര്യയുടെ മൃതദേഹവും കൈക്കുഞ്ഞുമായി രാംസിംഗ് നിന്നു. വഴിയിലൂടെ പോകുകയായിരുന്ന രണ്ട് അഭിഭാഷകരാണ് ഇവർക്ക് ആവശ്യമായ സഹായം ചെയ്തത്. അഭിഭാഷകർ പൊലീസിൽ വിവരം അറിയിച്ചെങ്കിലും പൊലീസ് ഒരു സഹായവും ചെയ്തില്ലെന്നും ആരോപണമുണ്ട്. പിന്നീട് പ്രാദേശിക മാധ്യമങ്ങൾ സംഭവം വാർത്തയാക്കിയതോടെയാണ് പൊലീസ് ബസ് ജീവനക്കാരെ അറസ്റ്റു ചെയ്തത്.