സമത്വവും സുതാര്യതയും ഐക്യവുമുള്ള മികച്ച ഭരണം ജനങ്ങൾക്ക് വേണ്ടി നൽകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. കർഷകരുടെ വായ്പകൾ എഴുതിത്തള്ളിക്കൊണ്ടാണ് ഞങ്ങളിതിന് തുടക്കം കുറിക്കുന്നത്. - കോണ്‍ഗ്രസിന്‍റെ ട്വീറ്റിൽ പറയുന്നു.
ദില്ലി: അധികാരത്തിലേറി പത്ത് ദിവസത്തിനുള്ളിൽ കർഷക വായ്പകൾ എഴുതിത്തള്ളുമെന്ന കോൺഗ്രസ് വാഗ്ദാനം ആവർത്തിച്ച് ഛത്തീസ്ഗഡ് നിയുക്ത മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ. നാളെയാണ് ഭൂപേഷ് ബാഗലിന്റെ സത്യപ്രതിജ്ഞാ ദിനം. അദ്ദേഹത്തോടൊപ്പം വിജയിച്ച കമൽനാഥും അശോക് ഗെഹ്ലോട്ടും യഥാക്രമം മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ മുഖ്യമന്ത്രിയായി അധികാരത്തിലേറിക്കഴിഞ്ഞു. മുഖ്യമന്ത്രി പദ പ്രഖ്യാപനത്തിന് ശേഷം ഒരു പുതിയ ഛത്തീസ്ഗഡ് നിർമ്മിക്കുക എന്ന ഉത്തരവാദിത്വമാണ് രാഹുൽ ഗാന്ധി തനിക്ക് നൽകിയിട്ടുള്ളതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്ന കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം തന്നെയാണ് ഭൂപേഷ് ബാഗലും ആവർത്തിച്ചിരിക്കുന്നത്. ജനങ്ങളും ആഗ്രഹത്തിനും പ്രതീക്ഷകൾക്കും ഒപ്പം നിന്ന് പ്രവർത്തിക്കുന്ന ഒരു സർക്കാരായിരിക്കും ഛത്തീസ്ഗഡിലേതെന്നും അദ്ദേഹം പറയുന്നു. ''സമത്വവും സുതാര്യതയും ഐക്യവുമുള്ള മികച്ച ഭരണം ജനങ്ങൾക്ക് വേണ്ടി നൽകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. കർഷകരുടെ വായ്പകൾ എഴുതിത്തള്ളിക്കൊണ്ടാണ് ഞങ്ങളിതിന് തുടക്കം കുറിക്കുന്നത്.'' - കോണ്‍ഗ്രസിന്‍റെ ട്വീറ്റിൽ പറയുന്നു.
നിലവിൽ ഛത്തീസ്ഗഡ് പിസിസി അധ്യക്ഷനാണ് ഭൂപേഷ് ബാഗൽ. അമ്പികർപൂർ എംഎൽഎ ടി എസ് സിംഗ് ദിയോ എന്നിവരുടെ പേരുകള്‍ സജീവ പരിഗണനയിലുണ്ടായിരുന്നു. 90 അംഗ നിയമസഭയിൽ 68 സീറ്റും വിജയിച്ചാണ് കോൺഗ്രസ് ഛത്തീസ്ഗഡിൽ അധികാരമുറപ്പിച്ചത്.
