കേന്ദ്രമന്ത്രി മുഖതര്‍ അബ്ബാസ് നഖ്വിയുടെ സോഹദരിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ഉത്തര്‍പ്രദേശ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഭീഷണിപ്പെടുത്താനെത്തിയവരുടെ കാര്‍ നമ്പര്‍ അടിസ്ഥാനമാക്കിയുള്ള വാഹന പരിശോധന ഇന്നും തുടരുന്നു. മുത്തലാഖിനെതിരെ സംഘടന രൂപീകരിച്ചതിന്റെ വൈരാഗ്യമാണ് ഭീഷണിക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം.
ഇന്നലെ വൈകീട്ടാണ് ഉത്തര്‍പ്രദേശിലെ ബലേറിയില്‍ പോലീസുദ്യോഗസ്ഥരുമായുള്ള മീറ്റിംഗില്‍ പങ്കെടുത്ത് മടങ്ങവെ കേന്ദ്ര മന്ത്രി മുഖതര്‍ അബ്ബാസ് നഖ്വിയുടെ സോഹദരി ഫര്‍ഹത്തിനെ ഒരു സംഘം ഭീഷണിപ്പെടുത്തിയത്.ഫര്‍ഫത്ത് വാഹനം നിര്‍ത്തി പുറത്തിറങ്ങിയ വേളയില്‍ പുറകെ കാറിലെത്തിയ 3 അംഗ സംഘം ആദ്യം ഫര്‍ഹത്തിനെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവാന്‍ ശ്രമിച്ചത്. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ ഫര്‍ഹത്തിനെ അവസരം കിട്ടിയാല്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി സംഘം കടന്ന് കളഞ്ഞു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. സംഘമെത്തിയ കാറിന്റെ നമ്പര്‍ ഫര്‍ഹത്ത് പോലീസിന് കൈമാറി. വാഹനം കണ്ടെത്താന്‍ ഇന്നലെ രാത്രിമുതല്‍ വ്യാപക തിരച്ചിലാണ് പോലീസ് സംസ്ഥാനമാകെ നടത്തിയത്. സംഭവം നടന്ന സ്ഥലത്തിനടുത്തുള്ള കടകളില്‍ നിന്നും സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. അക്രമികളെ നേരില്‍ കണ്ടാല്‍ അറിയാം എന്ന് ഫര്‍ഹത്ത് മൊഴി നല്‍കിയിട്ടുണ്ട്. മുത്തലാഖിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ അമരക്കാരിയാണ് ഫര്‍ഹത്ത്. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന കാരണം പറഞ്ഞ് ഫര്‍ഹത്തിനെ ഭര്‍ത്താവ് മൊഴിചൊല്ലിയതാണ്.സംഘടനയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് നേരത്തേയും ഭീഷണിയുണ്ടായിരുന്നു. ഇതു തന്നെയാണ് ഇത്തവണത്തെ അക്രമണത്തിനും കാരണമെന്നാണ് പോലീസ് നിഗമനം.
