ബീഹാറികളോട് ഗുജറാത്തിലെ ജനങ്ങൾ കാണിക്കുന്ന പ്രതികാര അക്രമ മനോഭാവം അവസാനിപ്പിക്കണമെന്ന് അമറിന്റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതിനായി ബീഹാറിലെയും ഗുജറാത്തിലെയും മന്ത്രിമാർ ഒറ്റക്കെട്ടായി നിന്ന് മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സൂറത്ത്: ഗുജറാത്തില്‍ വീണ്ടും ആള്‍ക്കൂട്ട അക്രമം. ബീഹാര്‍ സ്വദേശിയായ അമര്‍ജിത്ത് സിങാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങവേ ഒരു കൂട്ടം ആളുകള്‍ അമര്‍ജിത്തിനെ അക്രമിക്കുകയായിരുന്നു. സംഭവ വേളയിൽ തന്നെ അമർജിത്ത് മരിക്കുകയും
ഒപ്പമുണ്ടായിരുന്ന ബന്ധുവിനെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
വെള്ളിയാഴ്ച്ച വൈകിട്ടോടെയായിരുന്നു സംഭവം. പതിനഞ്ച് വർഷമായി സൂറത്തിലെ താമസക്കാരനാണ് കൊല്ലപ്പെട്ട അമർജിത്ത്. ബീഹാർ സ്വദേശിയായ ഇയാൾ പാന്ധേശ്വരത്തെ ഒരു സ്വകാര്യ മില്ലിലെ ജീവനക്കാരനാണ്. ജോലി അന്വേഷിച്ച് പതിനേഴാം വയസ്സില്‍ ഗുജറാത്തില്‍ എത്തിയ അമര്‍ പിന്നീട് വിവാഹം കഴിച്ച് സൂറത്തിൽ തന്നെ താമസമാക്കുകയായിരുന്നു. അതേസമയം, ബീഹാറികളോട് ഗുജറാത്തിലെ ജനങ്ങൾ കാണിക്കുന്ന പ്രതികാര അക്രമ മനോഭാവം അവസാനിപ്പിക്കണമെന്ന് അമറിന്റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതിനായി ബീഹാറിലെയും ഗുജറാത്തിലെയും മന്ത്രിമാർ ഒറ്റക്കെട്ടായി നിന്ന് മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗുജറാത്തിൽ വെറും പതിനാല് മാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രതിഷേധം ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അമർജിത്തിന്റെ കൊല. പ്രതിഷേധങ്ങളെ തുടർന്ന് നൂറ് കണക്കിന് അഭയാർത്ഥികളാണ് ഗുജറാത്തിൽ നിന്ന് ജോലി ഉപേക്ഷിച്ച് പോയത്.
സബര്‍കാന്ത ജില്ലയിലെ പതിനാല് മാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ച ബീഹാല്‍ സ്വദേശിയായ പത്തൊന്‍പതുകാരനെ കഴിഞ്ഞ സെപ്റ്റംബര്‍ 28ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തെ തുടർന്ന് പ്രദേശത്ത് 70ല്‍ അധികം അക്രമണങ്ങളും 600ല്‍ അധികം ആളുകള്‍ അറസ്റ്റിലായെന്നുമാണ് പ്രാഥമിക കണക്കുകൾ. അമറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലും ബീഹാറിലും നിന്നുമായി ഏകദേശം 15ല്‍ അധികം പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
