പറ്റ്ന: ബിഹാറില്‍ മന്ത്രിമാര്‍ ഔദ്യോഗിക ബംഗ്ലാവുകള്‍ സ്വകാര്യ ചടങ്ങുകള്‍ക്ക് വാടകയ്‌ക്ക് നല്‍കുന്ന കാര്യം പുറത്ത്. വിവാഹം അടക്കമുള്ള ചടങ്ങുകള്‍ക്ക് വന്‍തുക ഈടാക്കിയാണ് ഇവര്‍ വാടകയ്‌ക്ക് നല്‍കുന്നതെന്നാണ് ആരോപണം.നിതീഷ് കുമാര്‍ മന്ത്രിസഭയിലെ ന്യൂനപക്ഷ ക്ഷേമമന്ത്രി അബുദള്‍ ഗഫൂറും കലാ-സാംസ്‌കാരിക മന്ത്രി ശിവചന്ദ്ര രാമിനും എതിരെയാണ് റിപ്പോര്‍ട്ടുകള്‍.
ദിവസം മൂന്ന് ലക്ഷം രൂപ വരെ ഈടാക്കിയാണ് ഇവര്‍ ഔദോഗിക ബംഗ്ലാവുകള്‍ വാടകയ്‌ക്ക് നല്‍കുന്നത്. കല്ല്യാണ പാര്‍ട്ടികള്‍ ഉള്‍പ്പെടെ സ്വകാര്യ ആവിശ്യങ്ങള്‍ക്കായാണ് വീട് നല്‍കുന്നത്.ഇതിനായി ഇടനിലക്കാരുമുണ്ടെന്ന് സുരക്ഷാ ജീവനക്കാര്‍ പറയുന്നു. എന്നാല്‍ ആരോപണം മന്ത്രി ശിവചന്ദ്ര രാം നിഷേധിച്ചു.തന്റെ സഹപ്രവര്‍ത്തകര്‍ക്ക് വിവാഹ ചടങ്ങിന് വേദി ലഭിക്കാതെ വന്നാല്‍ താന്‍ സഹായിക്കാറുണ്ട്. അതിന്റെ പേരില്‍ പണം വാങ്ങാറില്ലെന്നുംഅദ്ദേഹം പറഞ്ഞു.
ആരോപണത്തെക്കുറിച്ച് മുഖ്യമന്ത്രി നിതിഷ് കുമാര്‍ പ്രതികരിക്കണമെന്ന് മുന്‍ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീല്‍ മോഡി ആവശ്യപ്പെട്ടു. മന്ത്രിമന്ദിരങ്ങളില്‍ മിക്ക ദിവസങ്ങളിലും വിവാഹ ചടങ്ങുകള്‍ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചടങ്ങുകളില്‍ പങ്കെടുക്കാറുമുണ്ട് എന്നും സുശീല്‍ മോഡി ആരോപിച്ചു.
