യാത്രയയപ്പ് ചടങ്ങിനിടെ ആകാശത്തേക്ക് വെടിവച്ചത് വിവാദമാകുന്നു ബീഹാറില്‍ ജില്ലാകളക്ടർ അടക്കമുള്ളവര്‍ പങ്കെടുത്ത യാത്രയയപ്പിനിടെയാണ് സംഭവം

പട്‌ന: യാത്രയയപ്പ് ചടങ്ങിനിടെ ബീഹാറിലെ കട്ടിഹാർ എസ്പി സിദ്ധാർത്ഥ് മോഹൻ ജെയ്ൻ പിസ്റ്റൾ ഉപയോഗിച്ച് ആകാശത്തേക്ക് 9 റൗണ്ട് വെടിവച്ചത് വിവാദമാകുന്നു. കേന്ദ്ര ഡെപ്യൂട്ടേഷനിൽ ദില്ലിക്ക് പോകുന്ന എസ്പിക്കും സ്ഥലംമാറി പോകുന്ന ജില്ലാകളക്ടർക്കും സഹപ്രവർത്തകർ നൽകിയ യാത്രയയപ്പിനിടെയാണ് സംഭവം.

യാത്രയയപ്പില്‍ പങ്കെടുക്കുന്നതിനിടെയാണ് എസ്പി സിദ്ധാർത്ഥ് ആകാശത്തേക്ക് വെടിയുതിര്‍ത്തത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലായതോടെ എസ്പിക്ക് നേരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. എസ്പിയുടെ പ്രവൃത്തി അങ്ങേയറ്റം നിരുത്തരവാദപരമാണെന്നാണ് ഉയരുന്ന വിമര്‍ശനം. എന്നാല്‍, സംഭവത്തില്‍ എസ്പിയോട് ഇതുവരെ മേലുദ്യോഗസ്ഥര്‍ വിശദീകരണം തേടുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ല.