ബാർ കോഴയിൽ പണം നൽകിയ ബാറുടമകൾക്കെതിയും തുടരന്വേഷണം വേണമെന്ന് ബിജു രമേശ്. കെഎം മാണിക്കെതിരെ തുടരന്വേഷണ അനുമതി ആവശ്യപ്പെട്ട്  ഗവർണർക്കും സർക്കാറിനും നല്‍കിയ അപേക്ഷയിലാണ് ആവശ്യം ഉന്നയിച്ചത്. 

തിരുവനന്തപുരം: ബാർ കോഴയിൽ പണം നൽകിയ ബാറുടമകൾക്കെതിയും തുടരന്വേഷണം വേണമെന്ന് ബിജു രമേശ്. കെഎം മാണിക്കെതിരെ തുടരന്വേഷണ അനുമതി ആവശ്യപ്പെട്ട് ഗവർണർക്കും സർക്കാറിനും നല്‍കിയ അപേക്ഷയിലാണ് ആവശ്യം ഉന്നയിച്ചത്. അതേസമയം വിഎസ് അച്യുതാനന്ദനും എൽഡിഎഫ് കൺവീനർ എ വിജയരാഘവനും ഇതുവരെ അപേക്ഷ നൽകിയിട്ടില്ല. 

-കഴിഞ്ഞ മാസം 18 നാണ് കെഎം മാണിക്കെതിരെ തിരുവനന്തപുരം വിജിലൻസ് കോടതി തുടരന്വേഷണം പ്രഖ്യാപിച്ചത്. അഴിമതിനിരോധന നിയമ ഭേദഗതി പ്രകാരം തുടരന്വേഷണത്തിന് മുൻകൂർ അനുമതി വാങ്ങാനും കോടതി നിർദ്ദേശിച്ചിരുന്നു. മുൻകൂർ അനുമതി തേടിക്കൊണ്ടുള്ള അപേക്ഷയിലാണ് ബിജുരമേശ് പുതിയ ആവശ്യങ്ങൾ ഉന്നയിച്ചത്. 

ബാർ ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളായ രാജ് കുമാർ ഉണ്ണിയും കൃഷ്ണദാസുമാണ് മാണിക്ക് പണം കൈമാറിയത്. പക്ഷെ ഇവർക്കെതിരെ വിജിലൻസ് സമഗ്രമായി അന്വേഷിച്ചില്ല. ഇവരെ പ്രതിചേർക്കുകയോ സാക്ഷിയാക്കുകയോ ചെയ്തില്ല, ഇവരുടെ പങ്ക് കൂടി പരിശോധിച്ചുകൊണ്ടുള്ള തുടരന്വേഷണത്തിന് അനുമതി വേണമെന്നാണ് ബിജു രമേശിൻറെ ആവശ്യം. 

ആഭ്യന്തര സെക്രട്ടറിക്ക് ലഭിച്ച അപേക്ഷിയിൽ സർക്കാർ നിയമോപദേശം തേടും. ഗവർണറോ, സർക്കാരോ അതോ സ്പീക്കറോ ആരാണ് അനുമതി നൽകേണ്ടതെന്നതിലാണ് നിയമോപദേശം തേടുന്നത്. സ്പീക്കറാണോ മാണിക്കെതിരായ തുടരന്വേഷണത്തിൽ നടപടി സ്വീകരിക്കേണ്ടതെന്നാണ് പരിശോധിക്കുന്നത്. കേസിലെ മറ്റ് പരാതിക്കാരായ വി.എസ് അച്യുതാനന്ദനും എൽഡിഎഫ് കൺവീനർ എ വിജയരാഘവും ഇതുവരെഅനുമതി നേടി സർക്കാരിനെ സമീപിച്ചിട്ടില്ല. 

വിജിലൻസ് സർക്കാരിനെ സമീപീക്കട്ടെയെന്ന നിലപാടാണ് വിഎസുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നത്. എൽഡിഎഫ് കണ്‍വീനർ എവിജയരാഘനും സമീപിച്ചിട്ടില്ല. പരാതിക്കാരായ വിഎസാണ് അനുമതിക്കായി അപേക്ഷിക്കേണ്ടതെന്നാണ് കേസിൽ കക്ഷി ചേർന്നിട്ടുള്ള ബിജെപി നേതാവ് വി.മുരളീധരൻറെ പ്രതികരണം. നിയമപ്രകാരം മൂന്നു മാസത്തിനുള്ളിൽ മാണിക്കെതിരെ അനുമതി വാങ്ങി കോടതിയിൽ സമർപ്പിക്കണം.